ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഇതര നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിഷയത്തില്‍ മോദിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ട്വീറ്റ് പരമ്പരയിലൂടെയാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.

എന്തുകൊണ്ടാണ് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ സത്യസന്ധതയെക്കുറിച്ച് ചോദ്യം ഉയരുമ്പോള്‍ രാഹുല്‍ അസ്വസ്ഥനാകുന്നത്? എന്തുകൊണ്ടാണ് ഒട്ടോവിയോ ക്വാത്റോച്ചിക്ക് ബൊഫോഴ്‌സില്‍ കൈക്കൂലി ലഭിച്ചത്- ജെയ്റ്റ്‌ലി ട്വീറ്റില്‍ ആരാഞ്ഞു. 

രാഹുലിനെ നാടുവാഴിയെന്ന് പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റില്‍ ജെയ്റ്റ്‌ലി ചോദിക്കുന്നത് ഇങ്ങനെ: അത്യന്തം നീതിമാനായ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യസന്ധതയെ നാടുവാഴിക്ക് അക്രമിക്കാം. രാജപരമ്പര ഒരു ചോദ്യത്തിനും ഉത്തരം പറയേണ്ട ആവശ്യമില്ലെന്നാണോ അദ്ദേഹം കരുതുന്നത്? ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെട്ടതാണ്. എന്നാലും അടിയന്തരാവസ്ഥയുടെയും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെയും പേരില്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്- ജെയ്റ്റ്‌ലി ട്വീറ്റില്‍ പറയുന്നു.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ജെയ്റ്റ്‌ലി ട്വീറ്റില്‍ വിമര്‍ശിക്കുന്നുണ്ട്. ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ രാഷ്ട്രീയക്കാരനാകുമ്പോള്‍ അയാള്‍ക്ക് സമ്പദ്‌വ്യവസ്ഥയെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള ബോധ്യം നഷ്ടപ്പെടും. മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ സ്വന്തം പാര്‍ട്ടിയെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയിലെത്തിച്ചു. ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെ ദുരന്തമായാണ് അദ്ദേഹം കണക്കാക്കുന്നത്- ജെയ്റ്റ്‌ലി ആരോപിച്ചു.

രാജീവ് ഗാന്ധിയെക്കുറിച്ച് മോദി നടത്തിയ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ശരദ് യാദവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. 

content highlights: arun jaitley supports pm modi over controversial comment on rajiv gandhi