ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ഈ മാസം ഒമ്പതിനാണ് ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലയോടെയാണ് ആരോഗ്യനില കൂടുതല്‍ വഷളായത്.

ഇതിനിടെ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന എയിംസ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. ഇന്ന് വൈകീട്ടോടെ അത്യാഹിത വാര്‍ഡിന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. നിരവധി അഗ്നിശമന യൂണിറ്റുകള്‍ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് സമീപത്തുള്ള അത്യാഹിത ലാബ് അടച്ചു.

delhi

ഈ കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ കനത്ത പുക പടര്‍ന്നുക്കൊണ്ടിരിക്കയാണ് പ്രദേശത്ത്. അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയില്‍ കഴിയുന്ന കെട്ടിടത്തിലല്ല തീപിടുത്തമെന്ന്  ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: Arun Jaitley's health remains critical,Fire Near Emergency Ward At AIIMS Hospital