മുംബൈ: മദ്യരാജാവ് വിജയ് മല്യ വിദേശത്തേക്ക് കടക്കുംമുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ ശിവസേന. മല്യ വിദേശത്തേക്ക് കടന്ന സംഭവവുമായി ജെയ്റ്റ്‌ലിക്ക് ബന്ധമുണ്ടെങ്കില്‍ ഇക്കാര്യം അറിയുമായിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാലമത്രയും നിശബ്ദത പാലിച്ചുവെന്ന് ശിവസേന മുഖപത്രമായ സാംന ചോദിക്കുന്നു. മാസങ്ങളായി ബി.ജെ.പിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന ശിവസേന അപ്രതീക്ഷിതമായാണ് സഖ്യകക്ഷിയെ പിന്തുണച്ച് രംഗത്തെത്തിയത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. മല്യ നുണയനാണ്. ലണ്ടന്‍ കോടതിയില്‍ മല്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇന്ത്യ വിടും മുമ്പ് ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്നാണ് മല്യ അവകാശപ്പെട്ടിരുന്നത്. ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് സമ്മതിക്കാതിരുന്ന സാഹചര്യത്തിലാണ് ജെയ്റ്റ്ലിയെ മല്യ കാണാന്‍ തീരുമാനിച്ചത്. അരുണ്‍ ജെയ്റ്റ്‌ലിയെ എം.പി കൂടിയായിരുന്ന മല്യയെ പാര്‍ലമെന്റ് പരിസരത്ത് കാണുന്നത് സ്വാഭാവികം. അതിനാല്‍തന്നെ ജെയ്റ്റ്ലിയെ കുറ്റക്കാരനാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയയുടെ ആരോപണം പരിഹാസ്യമാണെന്നും സാംന പറയുന്നു.

മല്യയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാത്രം ജെയ്റ്റ്ലിക്കെതിരേ ആരോപണങ്ങളുന്നയിക്കേണ്ട ആവശ്യമെന്തെന്ന് ശിവസേന ചോദിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയാണ് മല്യ രാജ്യം വിട്ടത്. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ ലണ്ടനിലെ കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

Content Highlights: Arun Jaitley Finds an Unlikely Ally in Vijay Mallya Row - Shiv Sena