മുംബൈ: നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ മാവോവാദികളെയും കശ്മീരിലെ വിഘടനവാദികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തിനുശേഷം കശ്മീരിലെ പ്രക്ഷോഭങ്ങളും സൈന്യത്തിന് നേരെയുള്ള കല്ലേറും കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിന് മുമ്പ് ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് 25 ല്‍ താഴെ ആളുകള്‍ മാത്രമാണ് കല്ലേറ് അടക്കമുള്ളവയ്ക്ക് തെരുവില്‍ ഇറങ്ങുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയ്ക്ക് പുറത്ത് വിനമയം ചെയ്യപ്പെട്ടിരുന്ന പണം നോട്ട് അസാധുവാക്കല്‍ നടപടിയോടെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പ്രതിരോധ രംഗത്തും ഗ്രാമവികസന രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും സര്‍ക്കാര്‍ വന്‍നിക്ഷേപം നടത്തും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലോക നിലവാരത്തിലാക്കും. അതോടെ ഗോരഖ്പൂരില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കും. നിലവിലെ വളര്‍ച്ചാ നിരക്കില്‍ മോദി സര്‍ക്കാര്‍ സംതൃപ്തരാകില്ല. വളര്‍ച്ച വേഗത്തിലാക്കാന്‍ രാജ്യത്തിന്റെ നന്മ ലക്ഷ്യംവച്ചുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.

2014 ല്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തിന്റെ പുരോഗതി ലക്ഷ്യംവച്ചാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുംബൈയില്‍ ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.