ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് രണ്ട് വരെ നീട്ടി. കനയ്യ കുമാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റി

കോടതിയില്‍ ആക്രമിക്കപ്പെട്ട കനയ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളണമെന്നും ഡല്‍ഹി പോലീസിനോട് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. പട്യാല ഹൗസ് കോടതിയില്‍ അഴിഞ്ഞാട്ടം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഡല്‍ഹി പോലീസ് കമ്മീഷണറുമായി നേരിട്ടു സംസാരിച്ചു.

അക്രമികളോട് മുഖം നോക്കാതെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്ന അവസരത്തിലാണ് ഒരു സംഘം അഭിഭാഷകര്‍ കോടതി വളപ്പില്‍ അക്രമം അഴിച്ചുവിട്ടത്. ദേശീയ പതാകയുമേന്തിയായിരുന്നു ഇവരുടെ അക്രമം. അക്രമത്തെ തുടര്‍ന്ന് പട്യാല ഹൗസ് കോടതിയിലെ നടപടികള്‍ ഉടന്‍ അവസാനിപ്പിച്ച് കോടതി വളപ്പ് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 

ആദ്യം കോടതി വളപ്പിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു ആക്രമണം. പിന്നീട് കനയ്യകുമാറിനെ കോടതിയിലെത്തിച്ചപ്പോള്‍ പോലീസ് നോക്കി നില്‍ക്കെ അദ്ദേഹത്തെ മര്‍ദിക്കുകയും വലിച്ചിഴച്ച് നിലത്തിട്ടു ചവിട്ടുകയും ചെയ്തു. കോടതി വളപ്പിന് പുറത്തു നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ വെറുതെവിട്ടില്ല. പുറത്ത് നിര്‍ത്തിയിട്ടിരുന്ന മാധ്യമ വാഹനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കല്ലു വലിച്ചെറിഞ്ഞു. കോടതി വളപ്പിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അവരുടെ ക്യമാറകള്‍ തകര്‍ക്കുകയും ചെയ്തു.

പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടത്. സീനിയര്‍ അഭിഭാഷകരുടെ ഒരു സംഘത്തെ സുപ്രീം കോടതി പട്യാല ഹൗസ് കോടതിയിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ അഭിഭാഷക സംഘത്തെയും കനത്ത മുദ്രാവാക്യം വിളികളോടെയാണ് അക്രമികളായ അഭിഭാഷകര്‍ നേരിട്ടത്. സംഘത്തിലുണ്ടായിരുന്ന അഭിഭാഷകനായ കപില്‍ സിബലിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്ക്യം വിളികളുയര്‍ന്നു. കനയ്യ കുമാറിനെ കോടതിയില്‍ എത്തിക്കുമ്പോള്‍ കനത്ത സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവുമെന്ന് നേരത്തെ അറിയുമായിരുന്നെങ്കിലും കേവലം അഞ്ച് പോലീസുകാര്‍ മാത്രമാണ് കനയ്യ കുമാറിനൊപ്പമുണ്ടായിരുന്നത്.