ലഖ്‌നൗ: ഗ്രാമപഞ്ചായത്തുകളിലെ പുരുഷ മേധാവിത്വഭരണത്തിന് നല്ല മറുപടി നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ 44 ശതമാനവും വനിതകളാണ്. സംസ്ഥാനത്തെ നാല് ജില്ലകളില്‍ 50 ശതമാനത്തിനും മുകളിലാണ് പഞ്ചായത്ത് അധ്യക്ഷപദവിയിലെ വനിതാ പ്രാതിനിധ്യം. ഈ നാല് ജില്ലകളും മുസ്ലിം ഭൂരിപക്ഷപ്രദേശമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
 
വനിതാസംവരണസീറ്റുകള്‍ക്കു പുറമേ 11 ശതമാനം ജനറല്‍സീറ്റുകളിലും സ്ത്രീകള്‍ മത്സരിച്ചുജയിച്ചു. യു.പിയില്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് വനിതകളുടെ ഈ ചരിത്രവിജയം. അലിഗഢിലെ ഛെരാത് ജവാന്‍ വാര്‍ഡില്‍ നിന്നും ജയിച്ച 94-കാരി തസ്മീര്‍ കൗര്‍ ആണ് ഏറ്റവും പ്രായംകൂടിയ വനിതാഅധ്യക്ഷ. ഗ്രാമപഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് മത്സരിച്ച മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 44.79 ശതമാനം സ്ത്രീകള്‍. ഇവരില്‍ 43.86 ശതമാനവും തിരഞ്ഞെടുക്കപ്പെട്ടു.
 
സംസ്ഥാനത്തെ ഏറ്റവുംവലിയ മുസ്ലിം ജനസംഖ്യയുള്ള ജില്ലയായ സംഭാലിലാണ് ഏറ്റവുംകൂടുതല്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. സംഭാല്‍, രാംപുര്‍, മൊറാദാബാദ്, ബദൗന്‍ എന്നീ ജില്ലകളിലെ വനിതാപ്രതിനിധ്യം 50 ശതമാനത്തിനും മുകളിലാണ്. ബഹരിയാ ജില്ലയിലെ വനിതാ പ്രാതിനിധ്യം 49.6 ശതമാനം.
 
അതേസമയം ഹിന്ദുഭൂരിപക്ഷപ്രദേശങ്ങളായ ബ്രിജ് മേഖലയിലാണ് ഏറ്റവും കുറവ് സ്ത്രീകള്‍ പഞ്ചായത്ത് അധ്യക്ഷപദവിയിലുള്ളത്. ഹത്രാസ്, മധുര, ആഗ്ര ജില്ലകളിലാണ് ഏറ്റവും കുറവ് സ്ത്രീ പ്രാതിനിധ്യം. 55.21 ശതമാനം സീറ്റുകളില്‍ പുരുഷന്‍മാര്‍ മത്സരിച്ചു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ഉള്‍പ്പെടെ 56.14 ശതമാനമാണ് അധ്യക്ഷപദവിയിലെത്തിയ പുരുഷസ്ഥാനാര്‍ത്ഥികളുടെ നിരക്ക്.