പെദപരിമി: ആന്ധ്രാപ്രദേശില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ ഇരുപതോളം പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ ആറുപേര്‍ പ്രകാശം ജില്ലയിലാണ്. നെല്ലൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ ഇടിമിന്നലേറ്റും ഒരാള്‍ മതിലിടിഞ്ഞുവീണും മരിച്ചു. കൃഷ്ണ ജില്ലയില്‍ നാലും കിഴക്കന്‍ ഗോദാവരി ജില്ലയില്‍ രണ്ടും ഗുണ്ടൂര്‍, അനന്തപുര്‍, ശ്രീകാകുളം ജില്ലകളില്‍ ഒന്നും വീതം ആളുകളാണ് മിന്നലേറ്റ് മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദം കാരണമാണ് ഞായറാഴ്ച സംസ്ഥാനത്ത് പരക്കെ മഴയും ഇടിമിന്നലുമുണ്ടായത്.
ഇടിമിന്നലില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആശ്വാസധനം പ്രഖ്യാപിച്ചു.
ഗുണ്ടൂര്‍ ജില്ലയിലെ പെരെച്ചെര്‍ലയിലെ ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്തിന് തൊട്ടടുത്തുള്ള പനമരത്തിന് മിന്നലില്‍ തീപിടിച്ചു. ആന്ധ്രാപ്രദേശിന്റെയും ത്രിപുരയുടെയും വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഭാഗ്യവശാലാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഈ ടീമുകളുടെ സൗഹൃദമത്സരം വേണ്ടെന്നുവെച്ചു.