രണ്ടരലക്ഷം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരും


ന്യൂഡല്‍ഹി:
കര്‍ണാടകത്തില്‍ പശ്ചിമഘട്ടത്തെ മുറിച്ചുകൊണ്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന ഹുബ്ലി-അങ്കോള റെയില്‍പ്പാതയ്‌ക്കെതിരെ സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് നല്‍കി. സുപ്രീംകോടതി നിയോഗിച്ച വനം, വന്യജീവി സമിതിയാണ് 2,315 കോടിയുടെ പദ്ധതി വേണ്ടെന്നുവെക്കാന്‍ ശുപാര്‍ശചെയ്തത്. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് പരിസ്ഥിതിമന്ത്രാലയത്തോട് സുപ്രീംകോടതി നിര്‍ദേശിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

പദ്ധതിയുടെ പാരിസ്ഥിതികാഘാതം ഭീമവും പ്രതിവിധിയില്ലാത്തതുമാണെന്ന് സമിതി ഈമാസമാദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1998-ലാണ് 168 കിലോമീറ്റര്‍ വരുന്ന റെയില്‍പ്പാതാ പദ്ധതിക്ക് ആലോചന തുടങ്ങിയത്. ഇതിന് 727 ഹെക്ടര്‍ വനഭൂമി ആവശ്യമാണ്. പദ്ധതിച്ചെലവ് 7,426 കോടിയോളമായി വര്‍ധിച്ചു. ആദ്യം പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയിലേറെയാണിത്.

വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പരിസ്ഥിതിമന്ത്രാലയം പ്രതികരിച്ചിട്ടില്ല. റെയില്‍വേയും കര്‍ണാടകസര്‍ക്കാറും സംയുക്തസംരംഭമായാണ് പദ്ധതി ആലോചിച്ചത്. റെയില്‍പ്പാതയുടെ നിര്‍മാണത്തിനായി 329 പാലങ്ങളും 29 തുരങ്കങ്ങളും ആവശ്യമാണ്. ഏതാണ്ട് 965 ഹെക്ടറില്‍നിന്നായി രണ്ടരലക്ഷത്തിലധികം മരങ്ങളും മുറിച്ചുമാറ്റേണ്ടിവരും. വനമേഖലയ്ക്ക് നാശം സംഭവിക്കുന്ന പദ്ധതിയാണിതെന്ന് 2004-ല്‍ പരിസ്ഥിതിമന്ത്രാലയം പറഞ്ഞിരുന്നു. പദ്ധതിക്കാവശ്യമായ വനഭൂമി 720 ഹെക്ടറാക്കി റെയില്‍വേ കുറച്ചിരുന്നു. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുമെന്നാണ് പിന്നീട് റെയില്‍വേ പറഞ്ഞത്. പദ്ധതിക്കാവശ്യമായ വനഭൂമി കര്‍ണാടകസര്‍ക്കാര്‍ 687 ഹെക്ടറാക്കി പിന്നീട് വീണ്ടും കുറച്ചു.