ന്യൂഡല്‍ഹി: നെസ്!ലെയുടെ മാഗി നൂഡില്‍സ് ഭക്ഷ്യയോഗ്യമാണെന്ന് സാക്ഷ്യപത്രം നല്‍കിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജൂണ്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്കുന്നതായും അതോറിറ്റി അറിയിച്ചു.

മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുള്ള മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എഫ്.എസ്.എസ്.എ.ഐ-യുടെ ഈ വിശദീകരണം.

അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ഗോവ ഫുഡ് ആന്‍ഡ് ഡ്രഗ് ലബോറട്ടറി ശേഖരിച്ച അഞ്ച് സാമ്പിളുകളില്‍ നടത്തിയ പരിശേധനയില്‍ ഈയത്തിന്റെ അംശം അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ മോണോ സോഡിയം ഗ്ലൂട്ടേമേറ്റിന്റെ (എം.എസ്.ജി) സാന്നിധ്യം പരിശോധനാ വിധേയമാക്കിയിട്ടില്ലെന്ന് എഫ്.എസ്.എസ്.എ.ഐ. വ്യക്തമാക്കി.

യു.കെ, സിംഗപുര്‍ എന്നീ രാജ്യങ്ങളില്‍ നടത്തിയ പരിശോധന ഫലവും നെസ്ലെ കൈമാറിയിട്ടില്ലെന്ന് അതോറിറ്റി അറിയിച്ചു.