സ്വവര്‍ഗബന്ധങ്ങളെ എന്നും സംശയത്തോടെ കാണുന്ന ഇന്ത്യക്കാരുടെ ഇടയിലിതാ ഒരു മൂന്നുമിനിറ്റിലെ പരീക്ഷണപരസ്യം വൈറലാവുന്നു. വസ്ത്രവിപണന രംഗത്തെ ഒരു പ്രമുഖ ബ്രാന്‍ഡ് പുറത്തിറക്കിയ 'ദ വിസിറ്റ്' എന്ന പരസ്യം 10 ദിവസത്തിനകം യുട്യൂബില്‍മാത്രം കണ്ടത് രണ്ടുലക്ഷംപേര്‍.

ഒന്നിച്ചുജീവിക്കാനുള്ള തീരുമാനം രണ്ട് പെണ്‍കുട്ടികള്‍ മാതാപിതാക്കളെ അറിയിക്കാന്‍ തയ്യാറെടുക്കുന്നതാണ് ഇതിവൃത്തം.

''കണ്ടുമടുത്ത സീനുകള്‍ ഒഴിവാക്കുകയായിരുന്നു ഞങ്ങളുടെ ആദ്യലക്ഷ്യം. സുപ്രധാനമായ തീരുമാനം രക്ഷിതാക്കളെ അറിയിക്കാന്‍ സാധാരണക്കാരെപ്പോലെ തയ്യാറെടുക്കുന്ന പെണ്‍കുട്ടികളെയാണ് വരച്ചുകാട്ടിയത്'' -പരസ്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച അവിഷേക് ഘോഷ് പറയുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവകൂടി കണക്കാക്കിയാല്‍ പരസ്യം ഇതുവരെ 30 ലക്ഷംപേര്‍ കണ്ടതായാണ് മിന്ത്ര ഫാഷന്‍ മാര്‍ക്കറ്റിങ് മേധാവി മനീഷ് അഗര്‍വാള്‍ പറഞ്ഞത്.