ഐ.എസ്.ആര്‍.ഒ.യുടെ സഹായം തേടി
വിശാഖപട്ടണത്തുനിന്ന് മുങ്ങിക്കപ്പലെത്തി
 
ചെന്നൈ: തീരദേശസേനയുടെ കാണാതായ ഡോണിയര്‍ വിമാനത്തിനായി പ്രത്യേക അന്വേണസംഘം കടലിലും കരയിലും തിരച്ചില്‍ ശക്തമാക്കി. പോണ്ടിച്ചേരിയില്‍ കടലിലും പിച്ചാവരം കണ്ടല്‍ക്കാടുകളിലുമാണ് പ്രധാനമായും തിരച്ചില്‍ നടത്തിവരുന്നത്. തിങ്കളാഴ്ച രാത്രിയോടെ കാണാതായ വിമാനത്തെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് രാത്രി 9.21-നാണ് അവസാനമായി വിമാനത്തില്‍നിന്ന് സന്ദേശം ലഭിച്ചത്. വിമാനത്തിന്റെ സന്ദേശ സംവിധാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തെ യന്ത്രത്തകരാര്‍ തടസ്സപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് എ.ഡി.ജി.പി. ശൈലേന്ദ്രബാബു വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒ.യുടെ സഹായം അഭ്യര്‍ഥിച്ചതായും സാറ്റ്‌ലൈറ്റ് സംവിധാനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരച്ചിലിന് നേതൃത്വം നല്‍കാനായി തീരദേശസേനയുടെ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം ബുധനാഴ്ച പോണ്ടിച്ചേരിയിലെത്തി. വിമാനം കടലില്‍ വീഴുന്നത് കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍പറയുന്ന സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇവിടെ ആഴക്കൂടുതലുള്ളതിനാല്‍ തിരച്ചിലിനായി വിശാഖപട്ടണത്തുനിന്ന് മുങ്ങിക്കപ്പല്‍ എത്തി. നാവികസേനയുടെ നാലുകപ്പലുകളും രണ്ടുവിമാനങ്ങളും തിരച്ചിലിനുണ്ട്. 200 ഉദ്യോഗസ്ഥരും മുന്നൂറോളം മത്സ്യത്തൊഴിലാളികളും തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

നാലായിരത്തിലധികം മണിക്കൂര്‍ വിമാനം പറപ്പിച്ച് പരിചയസമ്പത്തുള്ള ഡെപ്യൂട്ടി കമാന്‍ഡര്‍ വിദ്യാസാഗര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. 2008-ല്‍ മുംബൈ അക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഡോണിയര്‍ വിമാനത്തില്‍ തീരദേശസേന നിരീക്ഷണം നടത്തിവരുന്നത്.