മമതാ ബാനർജി(ഇടത്ത്) പാർഥ ചാറ്റർജിയും അർപ്പിത മുഖർജിയും(വലത്ത്) | ഫയൽചിത്രം | ANI
കൊല്‍ക്കത്ത: അറസ്റ്റിലായതിന് പിന്നാലെ പശ്ചിമബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മൂന്നുതവണ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്. പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് മെമ്മോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എന്നാല്‍ മൂന്നുതവണ വിളിച്ചിട്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി മന്ത്രിയുടെ ഫോണെടുത്തില്ലെന്നും മെമ്മോ രേഖകളില്‍ പറയുന്നു.
അധ്യാപകനിയമന കുംഭകോണത്തില്‍ കഴിഞ്ഞദിവസമാണ് പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് മന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചത്. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ ഈ വിവരം ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കാന്‍ പ്രതിക്ക് അവസരം നല്‍കാറുണ്ട്. ഈ അവസരത്തിലാണ് പാര്‍ഥ ചാറ്റര്‍ജി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ 1.55-ഓടെയാണ് പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തിയത്. തുടര്‍ന്ന് 2.33-നാണ് മന്ത്രി മുഖ്യമന്ത്രി ബാനര്‍ജിയെ ആദ്യം വിളിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഫോണെടുത്തില്ല. പിന്നാലെ പുലര്‍ച്ചെ 3.37-നും രാവിലെ 9.35-നും മന്ത്രി മമതാ ബാനര്‍ജിയെ വിളിച്ചു. പക്ഷേ, രണ്ടുതവണയും ഫോണെടുത്തില്ലെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. എന്നാല്‍ ഇ.ഡി.യുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.
അതേസമയം, കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ തിങ്കളാഴ്ച രാവിലെ ഒഡിഷയിലെ ആശുപത്രിയിലേക്ക് മാറ്റി. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസിലേക്കാണ് മന്ത്രിയെ മാറ്റിയത്. അഭിഭാഷകനും കൊല്‍ക്കത്ത എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടറും അദ്ദേഹത്തിനൊപ്പമുണ്ട്.
ഇ.ഡി. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പാര്‍ഥ ചാറ്റര്‍ജിയെ കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പ്രതി ഉന്നതസ്വാധീനമുള്ള ആളാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍നിന്ന് മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് മന്ത്രിയെ ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
അധ്യാപകനിയമന കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി. ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ ഉറ്റസുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്ളാറ്റില്‍നിന്ന് 21 കോടി രൂപയും വിദേശകറന്‍സികളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. കേസില്‍ അര്‍പ്പിത മുഖര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..