ചണ്ഡീഗഢ്: സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ് ഉടനെന്ന് പോലീസ്. അറസ്റ്റ് ഉടനേയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹരിയാണ പോലീസ് വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെയാണ് പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഒരു കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. പഞ്ചാബിലെ ചീമാ ഖുര്‍ദ് ഗ്രാമവാസിയായ ലഖ്ബിര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302/34 (കൊലക്കുറ്റം) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൊലപാതകം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയതായും റോത്തക് എ.ഡി.ജി.പി. സന്ദീപ് ഖിര്‍വാര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും ചിലരെ സംശയമുണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഒരു പുരുഷന്റെ വികൃതമാക്കപ്പെട്ട മൃതദേഹം ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാകും. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്- സോണിപത്ത് എസ്.പിയായ ജെ.എസ്. രണ്‍ധാവയും പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ നിഹാംഗ് എന്ന സിഖ് വിഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. 

 content highlights: arrest soon- haryana police on singhu farmer protest site murder case