ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ കൈകാര്യംചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. 

'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്നും ട്വീറ്റ് പറയുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്നായിരുന്നു ഇതില്‍ ചില പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് വ്യാപകമായി കേസെടുക്കുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു.

ഏതാനും ആഴ്ചകളായി പ്രതിദിനം മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചികിത്സാ സൗകര്യങ്ങളില്ലാതെ ദിനംപ്രതി നാലായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്യുന്നു. മരിച്ചവരെ അടക്കംചെയ്യാന്‍ പോലുമുള്ള സംവിധാനങ്ങളില്ലാതെ ജനങ്ങള്‍ തീരാദുരിതത്തിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് മോദി സര്‍ക്കാരിനുണ്ടായ വിഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്.

Content Highlights: Arrest MeToo- Rahul Gandhi Tweets Covid Poster Critical Of PM Modi