ന്യൂഡല്‍ഹി: കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാംതരംഗ സാധ്യത ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേറ്റ് എന്ന സമീപനം മുന്‍നിര്‍ത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാമാരിയെ പ്രതിരോധിക്കാനായി ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. 

സംഭവിച്ചേക്കാവുന്ന കോവിഡ് മൂന്നാംതരംഗത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് നാം ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏകദേശം 80 ശതമാനവും മരണനിരക്കിന്റെ 84 ശതമാനവും ഈ ആറു സംസ്ഥാനങ്ങളില്‍നിന്നാണ്- മോദി പറഞ്ഞു. 

പരസ്പര സഹകരണത്തോടെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് രാജ്യം കോവിഡിനെതിരെ പോരാടിയത്. മൂന്നാംതരംഗത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍നിന്നുള്ള കേസുകളുടെ എണ്ണം ആശങ്കയുണര്‍ത്തുന്നതാണ്- പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് 23,000 കോടിയുടെ പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാക്കേജില്‍നിന്നുള്ള ഫണ്ടുകള്‍ വിനിയോഗിച്ച് സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. അടിസ്ഥാനസൗകര്യങ്ങളിലെ അപാകതകള്‍ മെച്ചപ്പെടുത്തണമെന്നും ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

content highlights: around 80% new cases comes from six states says pm modi meeting with state chief ministers