മുംബൈ: റിപ്പബ്ലിക് ടിവിക്ക് അനുകൂലമായി റേറ്റിങ്ങുകൾ കൈകാര്യം ചെയ്തതിന് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പണം നൽകിയിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബാർക് മുൻ സിഇഒ പാർഥോ ദാസ്ഗുപ്ത. മുംബൈ പോലീസിന് നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ.
ചാനലിന് അനുകൂലമായി ഉയര്‍ന്ന റേറ്റിങ്ങ് നല്‍കിയതിന് പ്രതിഫലമെന്നോണം മൂന്നുവർഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളിൽ യാത്ര നടത്തുന്നതിന് 12,000 യുഎസ് ഡോളർ നൽകിയെന്നും ടിആർപി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രമനുസരിച്ച് 2020 ഡിസംബർ 27-ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ ഓഫീസിൽ വെച്ച് വൈകീട്ട് 5.15ന് രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിലാണ് പാർഥോ ദാസ്ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
'2004 മുതൽ അർണബ് ഗോസ്വാമിയെ എനിക്കറിയാം. ടൈംസ് നൗവിൽ ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്തിരുന്നു. 2013-ലാണ് ബാർക് സിഇഒ ആയി ഞാൻ ജോലിയിൽ പ്രവേശിക്കുന്നത്. 2017-ൽ അർണബ് റിപ്പബ്ലിക് ടി.വി.ലോഞ്ച് ചെയ്തു. ചാനലിന്റെ ലോഞ്ചിന് മുമ്പായി തന്റെ പദ്ധതികളെ കുറിച്ച് അർണബ് സംസാരിച്ചിരുന്നു.
ചാനലിന്റെ റേറ്റിങ് നിലനിർത്താൻ സഹായിക്കണമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭാവിയിൽ പ്രത്യുപകാരം ചെയ്യാമെന്നും പരോക്ഷമായി സൂചിപ്പിച്ചിരുന്നു. റിപ്പബ്ലിക് ടിവിക്ക് നമ്പർ 1 റേറ്റിങ് ലഭിക്കുന്നതിന് വേണ്ടി ഞാനും എന്റെ സംഘവും ടിആർപി റേറ്റിങ്ങിൽ കൃത്രിമം നടത്തി. 2017 മുതൽ 2019 വരെ ഇപ്രകാരം ചെയ്തു.
2017-ൽ ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ച് അർണബ് ഗോസ്വാമി ഞാനുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുകയും കുടുംബവുമായി ഫ്രാൻസ്-സ്വിറ്റ്സർലൻഡ് യാത്ര നടത്തുന്നതിനായി എനിക്ക് ആറായിരം യുഎസ് ഡോളർ നൽകുകയും ചെയ്തു.
2019ൽ വീണ്ടും സെന്റ് റെജിസ് ഹോട്ടലിൽ വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തി കുടുംബവുമൊന്നിച്ചുളള സ്വീഡൻ-ഡെൻമാർക്ക് യാത്രക്കായി എനിക്ക് ആറായിരം യുഎസ് ഡോളർ നൽകുകയും ചെയ്തു. 2017-ൽ ഐടിസി പരേൽ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും എനിക്ക് 20 ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു.
2018ലും 19ലും ഐടിസി ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഓരോ തവണയും പത്തുലക്ഷം രൂപവീതം എനിക്ക് അദ്ദേഹം നൽകി.' പാർഥോ ദാസ്ഗുപ്തയുടെ മൊഴിയിൽ പറയുന്നു.
എന്നാൽ പാർഥോ ദാസ്ഗുപ്തയുടെ അഭിഭാഷകൻ അർജുൻ സിങ് ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. പാർഥോസിനെക്കൊണ്ട് നിർബന്ധിച്ചു പറയപ്പിച്ചതാണ് മൊഴിയിലുളളതെന്ന് അദ്ദേഹം ആരോപിച്ചു. ഗോസ്വാമിയുടെ നിയംസംഘം ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ താൻ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്നോട് പകപോക്കുകയാണെന്നും അർണബ് ആവർത്തിച്ചു.
മുംബൈ പോലീസ് ജനുവരി 11ന് ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിന് 3,600 പേജുകളാണ് ഉളളത്. ബാർക് ഫോറന്‍സിക് ഓഡിറ്റ് റിപ്പോർട്ട്, പാർഥോസ് ദാസ്ഗുപ്തയും അർണബ് ഗോസ്വാമിയും തമ്മിലുളള വാട്സാപ്പ് ചാറ്റുകൾ, മുൻ കൗൺസിൽ ജീവനക്കാരുടേയും കേബിൾ ഓപ്പറേറ്റേഴ്സിന്റേയും ഉൾപ്പടെ 59 വ്യക്തികളുടെ മൊഴികൾ എന്നിവയെല്ലാം കുറ്റപത്രത്തിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ആജ് തക് തുടങ്ങിയ വാർത്താചാനലുകളുടെ പേരുകൾ, റേറ്റിങ്ങിൽ കൃത്രിമം കാണിച്ചതിന്റെ ഉദാഹരണങ്ങളും ചാനലുകൾക്ക് വേണ്ടി ബാർക്കിന്റെ ഉന്നത ഉദ്യോഗസ്ഥർ റേറ്റിങ്ങുകൾ മുൻകൂട്ടി തയ്യാറാക്കിയതും ഓഡിറ്റ് റിപ്പോർട്ടിൽ ഉളളതായാണ് വിവരം.
പാർഥോ ദാസ്ഗുപ്ത, മുൻ ബാർക് സിഒഒ റോമിൽ ഗർഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ് വർക്ക് സിഇഒ വികാസ് ഖാൻചണ്ഡാനി എന്നിവർക്കെതിരേയാണ് അനുബന്ധ കുറ്റപത്രം ഫയൽ ചെയ്തിരിക്കുന്നത്. 2020 നവംബറിൽ 12 പേർക്കെതിരേ ആദ്യ കുറ്റപത്രം ഫയൽ ചെയ്തിരുന്നു.
Content Highlights:Arnab paid 40 lakhs to fix rating Partho Dasgupta