ന്യൂഡല്‍ഹി: കേരളത്തിനുള്ള യുഎഇ സഹായ വിവാദത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ നാണംകെട്ട ജനതയെന്ന പരാമര്‍ശത്തിന്റെ പേരില്‍ റിപബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധം. റിപബ്ലിക് ടിവിയുടെയും അര്‍ണബിന്റെയും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലെല്ലാം പ്രതിഷേധവും പരിഹാസവും കമന്റുകളായി നിറയുകയാണ്.

 പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താന്‍ കണ്ടതില്‍ വച്ചേറ്റവും നാണംകെട്ട ജനതയാണ് ഈ വിഭാഗം എന്ന പ്രയോഗമാണ് മലയാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്‌.

കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാര്‍ത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റിപബ്‌ളിക് ടിവി ചര്‍ച്ച സംഘടിപ്പിച്ചത്. ഇതിന്റെ ആമുഖത്തിലാണ് കേന്ദ്രത്തിന്റെ നിലപാടിനെ എതിര്‍ക്കുന്ന കേരളത്തെ വിമര്‍ശിച്ച് അര്‍ണബ് രൂക്ഷപരിഹാസം നടത്തിയത്. മലയാളികള്‍ നുണ പറയുകയാണെന്ന് സ്ഥാപിക്കാനായിരുന്നു അര്‍ണബ് ശ്രമിച്ചത്. വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്‌സുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍.

'എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്ക് ഫണ്ട് നല്കുന്നത്. വിഷയം എന്താണെന്ന് വച്ചാല്‍ ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. നുണകള്‍ പ്രചരിപ്പിക്കുകയാണ്.' അര്‍ണബ് തുടര്‍ന്നു.

ആരാണ് നുണ പ്രചരിപ്പിക്കുന്നത് എന്ന് ചോദിച്ചായിരുന്നു അര്‍ണബ് പാനലിസ്റ്റുകള്‍ക്ക് നേരെ തിരിഞ്ഞത്. നിമിഷങ്ങള്‍ക്കകം അര്‍ണബിനെ ചീത്തവിളിച്ചും പരിഹസിച്ചുമുള്ള കമന്റുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയ നിറഞ്ഞു. അര്‍ണബ് ബിജെപിയുടെയും മോദിയുടെയും വളര്‍ത്തുനായ ആണെന്നതു മുതല്‍ കേരളത്തിലെ തെരുവിലൂടെ നടക്കാനുള്ള ധൈര്യമുണ്ടോ എന്ന വെല്ലുവിളി വരെ കമന്റുകളില്‍ നിറയുകയാണ്. കൂടുതല്‍ കമന്റുകളും മലയാളത്തില്‍ തന്നെയാണ്.

content highlights: Arnab Goswami faces social media attack for Kerala flood aid comment, Replubic TV, Kerala Flood Relief