ന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയിലെ അഭിപ്രായഭിന്നതയ്ക്ക് പിന്നാലെ മൂന്നംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. പകരം മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള നാലുപേരെ പുതുതായി നിയമിച്ചു. ഒക്ടോബര്‍ 29ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിയമനം വിശദീകരിച്ചിരിക്കുന്നത്.
റിപ്പബ്ലിക്ക് ടി.വി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി, മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ബി.ജെ.പി എം.പി വിനയ് സഹസ്രബ്ദെ, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ചെയര്‍മാര്‍ റാം ബഹാദൂര്‍ എന്നിവരാണ് നെഹ്റു മ്യൂസിയം സൊസൈറ്റിയിലെ പുതിയ അംഗങ്ങള്‍. 2025 ഏപ്രില്‍ 25 വരെയാണ് നിയമനം.
നേരത്തെ സൊസൈറ്റിയിലുണ്ടായിരുന്ന സാമ്പത്തിക വിദഗ്ധന്‍ നിതിന്‍ ദേശായി, പ്രൊഫ. ഉദയന്‍ മിശ്ര, ബി.പി. സിങ് എന്നിവരെയാണ് പുറത്താക്കിയത്. നെഹ്റു മ്യൂസിയം സൊസൈറ്റിയോട് കേന്ദ്രം സ്വീകരിച്ചിരുന്ന നിലപാടുകളെ ഇവര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂവരെയും പുറത്താക്കിയത്. ഇതോടൊപ്പം സൊസൈറ്റിയിലെ മുന്‍ അംഗമായ പ്രതാപ് ഭാനു മെഹ്തയുടെ രാജി സ്വീകരിച്ചതായും കേന്ദ്ര സാംസ്കാരിക മന്ത്രാലയും പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പ്രതാപ് മെഹ്ത നേരത്തെ സൊസൈറ്റിയില്‍നിന്ന് രാജിവെച്ചിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. പാണ്ഡിത്യവും ആര്‍ജവവുമുള്ളവരെയാണ് സര്‍ക്കാര്‍ പുറത്താക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..