നാഗ്പുര്‍: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റുമാരെ പിടികൂടിയെന്ന വ്യാജസന്ദേശം നല്‍കിയ സൈനികനെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സന്ദേശം വന്നത് സൈനികന്റെ ഫോണില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം സൈനികനെതിരെ കേസെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗണേശ്പേട്ട് പോലീസ് സ്റ്റേഷനിലേക്ക് വ്യാജഫോണ്‍ സന്ദേശം എത്തിയത്. താന്‍ മിലിട്ടറി ഇന്റലിജന്‍സ് മുംബൈ യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നാണ് വിളിച്ചയാള്‍ പോലീസിനോട് പറഞ്ഞത്. നാഗ്പൂര്‍ നഗരത്തില്‍ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടിയെന്നായിരുന്നു സന്ദേശം. ഫോണ്‍വിളിയുടെ ഉറവിടം തേടിയ പോലീസ് കണ്ടെത്തിയത് പങ്കജ് യേര്‍ഗുഡെ എന്ന സൈനികന്റെ ഫോണ്‍ നമ്പരാണ് ഇതെന്നായിരുന്നു.

തുടര്‍ന്നാണ് മിലിട്ടറി ഇന്റലിജന്‍സ് ചോദ്യം ചെയ്യലിനായി യേര്‍ഗുഡെയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം നിഷേധിച്ചതായാണ് വിവരം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യേര്‍ഗുഡയെ തങ്ങള്‍ക്ക്് വിട്ടുനല്‍കണമെന്ന് സൈന്യത്തോട് ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: Army sepoy held following hoax call about ISI agents , IndianArmy, ISI