ന്യൂഡല്‍ഹി: സൈനിക-ദേശീയ ആഘോഷങ്ങളുടെ ചടങ്ങുകള്‍ക്കൊടുവില്‍ സൈനിക ബാന്‍ഡുകള്‍ക്ക് അവതരിപ്പിക്കാനായി ഇനി പുതിയ ഗാനം. നിലവില്‍ ഉപയോഗിക്കുന്ന ബ്രിട്ടീഷ് കാലത്തിന്‍റെ തുടർച്ചയായ സംഗീതത്തിനു പകരം രാജ്യത്തിന്‍റെ സ്വന്തം ഗാനം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗാനമുണ്ടാക്കാന്‍ സൈന്യം തീരുമാനിച്ചത്. 

ഇന്ത്യന്‍ സൈന്യത്തിന് മാത്രം ഉപയോഗിക്കാനായി ഹിന്ദിയില്‍ ചിട്ടപ്പെടുത്തുന്ന മ്യൂസിക് സ്‌കോറിന് ജൂലൈയിലാണ് അപേക്ഷ ക്ഷണിച്ചത്. ഇതിനെ തുടർന്ന് രാജ്യത്തെ മൂന്ന് സ്വകാര്യ കമ്പനികള്‍ ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെറമോണിയല്‍ വെല്‍ഫെയര്‍ സംഘം പരിശോധിച്ചു വരികയാണ്. 

നിലവില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലുള്‍പ്പെടെ ഇന്ത്യയിലെ പല സൈനിക ചടങ്ങുകളിലും ഉപയോഗിക്കുന്ന സംഗീതത്തിന് ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ബന്ധമുണ്ട്. വിവിധ സൈനിക അക്കാദമികളിലുള്‍പ്പെടെ പാസിങ് ഔട്ട് പരേഡുകള്‍ക്ക് ഒരേ ഗാനമാണ് കാലങ്ങളായി ഉപയോഗിക്കുന്നത്. 

പുതിയതായി തയ്യാറാക്കുന്ന ഗാനം രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ത്യാഗത്തിന് സമര്‍പ്പിക്കുമെന്ന് സൈന്യം പറയുന്നു. പുതിയ ഗാനത്തിന്റെ വരികള്‍ ആകര്‍ഷകവും അര്‍ഥവത്തുമാവണം. അത്  സൈനികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കിടയിലും അവരുടെ അര്‍പ്പണബോധത്തെ ഉയര്‍ത്തിക്കാട്ടുന്നതായിരിക്കണമെന്നും സൈന്യം പുറത്തുവിട്ട ആര്‍പിഎഫ്(റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍)പറയുന്നു.

നിലവില്‍ മൂന്ന് കമ്പനികളാണ് ഈ നിബന്ധനകള്‍ പാലിച്ച് ഗാനം സമര്‍പ്പിച്ചിരിക്കുന്നത്. അന്തിമ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഗാനം ഇന്ത്യന്‍ സര്‍ക്കാരിന്റെ ബൗദ്ധിക സ്വത്തിന്‍റെ ഭാഗമാകും.

Content Highlights: Army May Soon Get New Indigenous Song With Hindi Lyrics