ശ്രീനഗര്‍: അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വധിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അഖ്നൂര്‍ സെക്ടറിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനില്‍നിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തു. 

വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അക്രമം നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഭീകരന്‍ നുഴഞ്ഞുകയറിയതെന്ന് കരസേന പി.ആര്‍.ഒ മാധ്യമങ്ങളെ അറിയിച്ചു. ഭീകരനില്‍നിന്ന് 234 വെടിയുണ്ടകളും പത്ത് തോക്കുകളും 15 ഗ്രനേഡുകളുമാണ് കണ്ടെടുത്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം നടത്താനായിരുന്നു പദ്ധതി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇനിയും നുഴഞ്ഞുകയറ്റത്തിന് സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതിര്‍ത്തിയില്‍ ആയുധങ്ങളുമായി നുഴഞ്ഞുകയറിയ ഭീകരനെ വധിച്ചതിന് പിന്നാലെ ലവായ്പൂരില്‍നിന്ന് ഒരു സ്ത്രീയെയും ആയുധശേഖരവുമായി പിടികൂടി. ജമ്മുകശ്മീര്‍ പോലീസ് ലവായ്പൂര്‍ ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഗ്രനേഡുകളും തോക്കുകളുമായി സ്ത്രീ പിടിയിലായത്. അതേസമയം, സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ജമ്മുകശ്മീര്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.