തൃശ്ശൂർ: കൂനൂർ ദുരന്തത്തിൽ മരിച്ച സേനാംഗങ്ങളിൽ തൃശ്ശൂർ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കൽ വീട്ടിൽ പ്രദീപും.

ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു സേനയിൽ വാറണ്ട് ഓഫീസറായ ഈ 37-കാരൻ. പ്രദീപ് സ്ഥലത്തുതന്നെ മരിച്ചു. കുടുംബത്തോടൊപ്പം കോയന്പത്തൂരിനടുത്തുള്ള സൂലൂർ വായുസേനാ ക്വാർട്ടേഴ്സിലായിരുന്നു താമസം. കുറച്ചുദിവസം മുമ്പ് മകന്റെ ജന്മദിനവും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. മകന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് നാലുദിവസം മുമ്പാണ് മടങ്ങിയത്.

പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002-ലാണ് വായുസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018-ൽ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന്‌ രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ച ആ ദൗത്യസംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു.

അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷിൺദേവ്, ദേവപ്രയാഗ. സഹോദരൻ: പ്രസാദ്.

Content Highlights: army helicopter crash tamilnadu one malayali officer also dies in crash