ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മു കശ്മീരിലേക്ക് കടത്താനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. എ.കെ. 74 തോക്ക് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. ജമ്മുവിലെ കേരാന്‍ സെക്ടറിലെ നിയന്ത്രണരേഖയിലൂടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താനുള്ള ശ്രമം നടന്നത്.

കിഷന്‍ഗംഗ നദിയിലൂടെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ചില സാധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം സ്ഥലത്തെത്തി. നാല് എ.കെ. 74 തോക്കുകളും തിരകളും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി. പ്രദേശം സൈന്യം വളഞ്ഞതായും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കേരാന്‍ സെക്ടറില്‍, കിഷന്‍ഗംഗ നദിയിലൂടെ എ.കെ. 74 റൈഫിളുകളും വന്‍തോതില്‍ വെടിക്കോപ്പുകളും കടത്താന്‍ പാകിസ്താന്‍ ശ്രമിച്ചു. എന്നാല്‍ ജാഗരൂകരായ സൈന്യത്തിന്റെയും നിരീക്ഷണ സംവിധാനങ്ങളുടെയും സഹായത്തോടെ ഇവ പിടിച്ചെടുക്കാന്‍ സാധിച്ചു. പാകിസ്താന്റെ ഉദ്ദേശ്യങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്ന് ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ബി.എസ്. രാജു പറഞ്ഞു.

content highlights: Army has foiled an attempt to push in arms and ammunition by Pakistan