ന്യൂഡല്‍ഹി:   ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന് ശക്തമായ മറുപടി നല്‍കുമെമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സൈന്യം വാക്കുകളിലല്ല പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു. കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. അവിടെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനാകണം. സമാധാനം പുനസ്ഥാപിക്കാനാണ് കരസേന ശ്രമിക്കുന്നതെന്നും മോദി പറയുന്നു. 

ഉറിയിലേതുപോലെയുള്ള ആക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും ഇത്തരം ആക്രമണങ്ങള്‍ സൈന്യം പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കശ്മീരിലെ ജനങ്ങളുടെ സുരക്ഷ തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാരാലിമ്പിക് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ്ഭാരത് അഭിയാന്റെ പുരോഗതിയേക്കുറിച്ചും വിശദീകരിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് രണ്ടരക്കോടി ശൗചാലയങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചുവെന്നും ഇനി ഒന്നരക്കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്വഛ്ഭാരത് ഹെല്‍പ്പ് ലൈന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി പ്രസ്തുത നമ്പറില്‍ വിളിച്ചാല്‍ ശുചീകരണ പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചു. 1969 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍.