രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നു |ഫോട്ടോ:PTI
ശ്രീനഗര്‍: യഥാര്‍ഥനിയന്ത്രണരേഖ മറികടന്ന് 2016-ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ തള്ളി രാഹുല്‍ ഗാന്ധി. ദിഗ്വിജയ് സിങിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ സൈന്യത്തിന് ഒന്നും തെളിയിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
'ദിഗ്വിജയ സിങിന്റേത് വ്യക്തിപരമായ വീക്ഷണമാണ്. അത് പാര്‍ട്ടിയുടേതല്ല. സായുധ സേനകള്‍ അവരുടെ ജോലി മികച്ച രീതിയില്‍ ചെയ്യുന്നുവെന്നും അതിന് തെളിവ് നല്‍കേണ്ടതില്ലെന്നും ഞങ്ങള്‍ക്ക് വ്യക്തമാണ്' രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദിഗ് വിജയ് വിവാദ പ്രസ്താവന നടത്തിയത്. മിന്നലാക്രമണം നടത്തിയതിന് ഒരു തെളിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കള്ളങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ജവാന്മാരെ ശ്രീനഗറില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് വിമാനമാര്‍ഗം മാറ്റണമെന്ന സി.ആര്.പി.എഫിന്റെ അപേക്ഷ സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതാണ് 2019-ല്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സൈനികരുടെ ജീവന് നഷ്ടമാകാന്‍ കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി.
പാര്‍ട്ടി സൈന്യത്തിനൊപ്പമാണെന്ന് ഞങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. 'ഞങ്ങള്‍ എല്ലായ്പ്പോഴും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അത് തുടരും. നമ്മുടെ സൈന്യത്തോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്' ഖാര്‍ഗെ പറഞ്ഞു.
സത്യം എപ്പോഴാണെങ്കിലും പുറത്ത് വരുമെന്ന് ഗുജറാത്ത് കലാപം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാലും ആളുകള്‍ക്കെതിരെ ഇഡിയേയും സിബിഐയേയും ഉപയോഗിച്ചാലും സത്യം പുറത്ത് വരാതിരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
Content Highlights: ‘Army doesn’t need to prove anything,’ says Rahul on Digvijaya’s surgical strike remarks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..