ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ ഭീകരക്യാമ്പുകളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്. നിയന്ത്രണരേഖയിലെ ഭീകരാക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും കരസേനാ മേധാവി വ്യക്തമാക്കി. 

ദേശീയമാധ്യമമായ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം പറഞ്ഞത്. ദല്‍ബീര്‍ സിങ് സുഹാഗ് വിരമിച്ച ഒഴിവില്‍ ഡിസംബര്‍ 31നാണ് ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റത്.

സെപ്റ്റംബര്‍ 29ന് നടത്തിയ മിന്നലാക്രമണത്തിലൂടെ ഇന്ത്യ വ്യക്തമായ സന്ദേശമാണ് നല്‍കിയതെന്നും റാവത്ത് പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് ഇപ്പുറത്ത് പാക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ആക്രമം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മിന്നലാക്രമണം വ്യക്തമായ ആസൂത്രണത്തോടെ കൃത്യമായി നടപ്പിലാക്കിയ ഓപ്പറേഷനായിരുന്നെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ലഫ്. ജനറലായിരുന്ന റാവത്താണ് മിന്നലാക്രമണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്.