ശ്രീനഗര്‍: കശ്മീരിലെ അംഷിപോരയില്‍ മൂന്ന് യുവാക്കളെ സൈനിക ഉദ്യോഗസ്ഥന് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് തീവ്രവാദികളെ വധിച്ചാല്‍ ലഭിക്കുന്ന 20 ലക്ഷം രൂപ പാരിതോഷികം തട്ടിയെടുക്കാനെന്ന് കുറ്റപത്രം. സൈന്യത്തിന് വിവരങ്ങള്‍ നല്കുന്ന രണ്ട് പ്രദേശവാസികളുടെ സഹായത്തോടെ 62 ആര്.ആര് റെജിമെന്റ് ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ് ആസൂത്രണം ചെയ്തത് പ്രകാരമാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നതെന്നും പ്രത്യേക അന്വേഷണ സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഏറ്റുമുട്ടലിന് സഹായം നല്‍കിയതിന് പ്രതിഫലമായി ഷോപ്പിയാന്‍ സ്വദേശിയായ താബിഷ് നാസിര്‍, പുല്‍വാമ സ്വദേശിയായ ബിലാല്‍ അഹമ്മദ് എന്നിവര്‍ക്ക് ഭൂപേന്ദ്ര സിങ് പണം നല്‍കിയതായും 300 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സഹായികള്‍ക്കൊപ്പം ഭൂപേന്ദ്ര സിങ്ങാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്ത് യുവാക്കളെ തീവ്രവാദികളായി ചിത്രീകരിച്ച് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. നിലവില്‍ ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്ങും മറ്റൊരു സൈനിക ഉദ്യോഗസ്ഥനും കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ നേരിടുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഓപ്പറേഷന്റെ ഭാഗമായി സംഭവ സ്ഥലത്ത് നാല് സൈനികരും എത്തിയിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ തന്നെ വെടിയെച്ച കേട്ടുവെന്നാന്ന് നാല് സൈനികരും മൊഴി നല്‍കിയത്. സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഭൂപേന്ദ്ര പറഞ്ഞതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
75 സാക്ഷികളുടെ മൊഴിയും പ്രതികളുടെ ഫോണ്‍ വിവരങ്ങളും പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. അബ്റാര്‍ അഹമ്മദ്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് ഇബ്റാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ കൊല്ലപ്പെട്ട് 70 ദിവസങ്ങള്‍ക്ക് ശേഷം ഡിഎന്‍എ പരിശോധന നടത്തിയാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറിയത്.
content highlights: Army captain 'stage-managed' J&K encounter for RS 20 lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..