അരവിന്ദ് കെജ്‌രിവാൾ | Photo: ANI
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി. തന്നെ സമീപിച്ചുവെന്ന അവകാശവാദവുമായി എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് എ.എ.പി. പിന്മാറുന്നപക്ഷം ഡല്‍ഹി മന്ത്രിസഭാംഗങ്ങളും കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരുമായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ കേസുകളില്‍നിന്ന് ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനമെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു. എന്‍.ഡി.ടി.വിയുടെ പ്രത്യേക സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
'ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ ഇപ്പോള്‍ അവര്‍ എന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയാല്‍ രണ്ടുമന്ത്രിമാരേയും കേസുകളില്‍ നിന്നും മുക്തരാക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.'- കെജ്‌രിവാള്‍ പറഞ്ഞു. വിവാദമായ ഡല്‍ഹി മദ്യനയക്കേസിലാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. അതേസമയം, കള്ളപ്പണവെളുപ്പിക്കല്‍ കേസില്‍ പ്രതിയായ മറ്റൊരു മന്ത്രി സത്യേന്ദര്‍ ജെയിന്‍ നിലവില്‍ ജയിലിലാണ്.
ആരാണ് വാഗ്ദാനവുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോള്‍, തന്റെ തന്നെ കൂട്ടത്തിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി. എ.എ.പിയിലെ തന്നെ ചിലരിലൂടെയാണ് ബി.ജെ.പി. തന്നെ സമീപിച്ചത്. ഒരിക്കലും നേരിട്ട് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം നല്‍കി. ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് കൈമാറി നിങ്ങളുടെ സുഹൃത്ത് വഴി അവസാനം സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് ബി.ജെ.പി. രീതിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലും എ.എ.പിയോട് തോല്‍ക്കുമെന്ന ഭയത്തിലാണ് ബി.ജെ.പി. അവര്‍ തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള എല്ലാ വഴികളും അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അഞ്ചില്‍ താഴെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും കെജ്രിവാള്‍ പ്രവചിച്ചു. ഗുജറാത്തില്‍ നിലവില്‍ തന്നെ പാര്‍ട്ടി രണ്ടാമതാണ്. കോണ്‍ഗ്രസിനേക്കാള്‍ വളരെയധികം മുന്നിലാണ് എ.എ.പി. വോട്ടെടുപ്പിന് ഒരുമാസം മുന്‍പ് ബി.ജെ.പിയേയും പിന്തള്ളുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.
Content Highlights: aravind kejriwal accuses bjp offered deal to spare ministers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..