ന്യൂഡല്‍ഹി: സൗദി അരാംകോ എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നിലവിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

സൗദി അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം ഉറപ്പുവരുത്താന്‍ അരാംകോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി റിയാദിലെ ഇന്ത്യന്‍ സ്ഥാനപതിയും സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ മാസത്തേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ വിതരണം സംബന്ധിച്ച് എണ്ണവിതരണ കമ്പനികളുമായി അവലോകനം നടത്തി. ഇന്ത്യയിലേക്കുള്ള വിതരണം തടസപ്പെടില്ലെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അരാംകോയുടെ അബ്ഖ്വയ്ഖിലും ഖുറൈസിലുമുള്ള സംസ്‌കരണശാലയ്ക്കും എണ്ണപ്പാടത്തിനും നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് ഇവിടെനിന്നുള്ള എണ്ണ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചത്. ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇവിടെ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായിരുന്നു. അരാംകോയുടെ എണ്ണ ഉത്പാദനത്തില്‍ ഭൂരിഭാഗവും ഏറ്റവും വലിയ എണ്ണ സംസ്‌കാരണശാലയായ അബ്ഖ്വയ്ഖിലാണ് നടക്കുന്നത്. ഇതിനാല്‍തന്നെ കഴിഞ്ഞദിവസങ്ങളില്‍ സൗദിയുടെ മൊത്തം എണ്ണ ഉത്പാദനം പകുതിയോളം കുറഞ്ഞിരുന്നു. ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചെങ്കിലും അബ്ഖ്വയ്ഖിലെയും ഖുറൈസിലെയും സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സൗദി ഊര്‍ജിതമാക്കിയിട്ടുണ്ട്. 

Content Highlights: aramco attack; union minister dharmendra pradhan says crude oil supply to india wont disrupt