ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളുരു സ്വദേശിനി അമൃത സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ചോദ്യത്തിന് മറുപടിയായാണ് ആശുപത്രി അധികൃതര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

താന്‍ ജയലളിതയുടെ മകളാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് പരിശോധന നടത്താന്‍ ആവശ്യമായ ജൈവികഘടകങ്ങളെന്തെങ്കിലും ജയലളിതയുടേതായി ആശുപത്രി സൂക്ഷിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍ ചോദിച്ചത്. രക്താസാമ്പിളുകളും മറ്റും സൂക്ഷിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ മറുപടി നല്‍കുകയും ചെയ്തു.

2016 സെപ്തംബര്‍ 22ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ 5നാണ് മരിച്ചത്. ഇതേത്തുടര്‍ന്നാണ് താന്‍ ജയലളിതയുടെ മകളാണെന്നവകാശപ്പെട്ട് അമൃത രംഗത്തെത്തിയത്. താനും ജയലളിതയുമായി പയസ് ഗാര്‍ഡനില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും അമൃത പറഞ്ഞിരുന്നു. 

എന്നാല്‍, അമൃതയുടെ വാദങ്ങള്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപകും ദീപയും നിഷേധിച്ചു. അമൃതയും ജയലളിതയുമായി പയസ് ഗാര്‍ഡനില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നത് തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 4നാണ് അമൃതയുടെ ഹര്‍ജിയില്‍ കോടതി ഇനി വാദം കേള്‍ക്കുക.

content highlights:Apollo Hospitals, doesn’t have biological samples of J Jayalalithaa, Jayalalithaa's heir row