ന്യൂഡല്‍ഹി: സുപ്രീംകോടതിയിൽ കേസുകള്‍ കൈകാര്യം ചെയ്ത വിധത്തില്‍ ഖേദം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. വ്യാഴാഴ്ച കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് കേസുകള്‍ക്കുണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്‌

ഭരണഘടനാപരമായതോ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതോ  അസാധാരണ തരത്തിലുള്ളതോ ആയ വിധികൾ സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്ന് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. കൂടെ പ്രവര്‍ത്തിക്കുന്ന മറ്റു ജഡ്ജിമാര്‍ക്കും ഇതേ അഭിപ്രായമാണെന്നും ഗൊഗോയ് പറഞ്ഞു.

10 വര്‍ഷത്തിലേറെയായി വാദം തുടരുന്ന ഒരു കേസ് പരിഗണിക്കവെയാണ് ഗൊഗോയ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. ഒരു പരാതി നല്‍കിയാല്‍ സുപ്രീം കോടതിയിലെത്തുന്നതിനു മുമ്പ് കീഴ്‌ക്കോടതികളില്‍ തന്നെ കുറേ നാള്‍ പരിഗണനയ്ക്കായി കിടക്കും. കേസിന്റെ അന്തിമ വിധി വരാന്‍ കാലതാമസം നേരിടുകയും ചെയ്യും.

പരാതിയ്‌ക്കെതിരെ കോടതിയില്‍ നിന്ന് ഉത്തരവുകള്‍ സംഘടിപ്പിക്കാന്‍ കക്ഷികള്‍ക്ക് പ്രയാസമില്ല. ആര്‍ക്കു വേണമെങ്കിലും ആവശ്യമുള്ളപ്പോള്‍ ഉത്തരവുകള്‍ ലഭിക്കുന്ന ഒരിടമായി സുപ്രീം കോടതി മാറിയിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ അതീവ ദുഃഖിതനാണെന്നും ഗൊഗോയ് പറഞ്ഞു. കേസുകള്‍ 20 വര്‍ഷത്തോളം നീട്ടിക്കൊണ്ടു പോകാന്‍ കക്ഷികള്‍ക്കു സാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.