ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മാഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു. 

ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും ഭരണഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണെന്നും അയോധ്യാവിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. 

കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികള്‍ നടപ്പാക്കി. മുസ്ലീം സ്ത്രീകളുടെ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം നടത്തി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയതായും ഈ ദശാബ്ദം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. 

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പെ വെള്ളിയാഴ്ച പാലര്‍മെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

രാഷ്ട്രപതിയുടെ പ്രസംഗത്തിലെ മറ്റ് പ്രധാന കാര്യങ്ങള്‍ 

 • മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയം 
 • ആയിരം അതിവേഗ കോടതികള്‍ സ്ഥാപിച്ചു
 • ജലസംരക്ഷണത്തിനായി നടപടിയെടുത്തു 
 • കര്‍ഷകരുടെയും പാവപ്പട്ടവരുടെയും ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യം 
 • ഗ്രാമീണ മേഖലയില്‍ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞു
 • വനിതാ ക്ഷേമത്തിന് കൂടുതല്‍ പരിഗണന നല്‍കി 
 • കര്‍ത്താപൂര്‍ ഇടനാഴി തുറന്നത് ചരിത്രപരം 
 • ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് അനുമതി നല്‍കി
 • പ്രതിരോധ രംഗത്തിന് മുന്തിയ പരിഗണന
 • തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തം 
 • ഇലക്ട്രോണിക് നിര്‍മാണ രംഗത്ത് വളര്‍ച്ച 
 • റെയില്‍വേയുടെ വികസനം ത്വരിത ഗതിയില്‍ മുന്നോട്ട്
 • പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പരിഗണന നല്‍കും

content highlights; Any violence in name of protest weakens country, says President