യുപി ജനസംഖ്യ ബിൽ 2021ൽ പൊതുജനങ്ങളുടെ അഭിപ്രായം സ്റ്റേറ്റ് ലോ കമ്മിഷൻ തേടിയിട്ടുണ്ട്. ജൂലൈ 19 വരെയാണ് അഭിപ്രായമറിയിക്കുന്നതിനുളള സമയപരിധി. സംസ്ഥാനത്തെ മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പുതിയ നിയമമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ തന്നെ വരും തിരഞ്ഞെടുപ്പിൽ ഈ നിയമം പൊതുജനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവരെ സർക്കാർ ക്ഷേമപദ്ധതികളിൽ നിന്നുളള ആനുകൂല്യം ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാൻ സാധിക്കില്ല. സംസ്ഥാന സർക്കാരിന് കീഴിലുളള ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. സർക്കാർ ജോലിയുളളവരാണെങ്കിൽ പ്രമോഷൻ ലഭിക്കില്ല. കുടുംബത്തിന്റെ റേഷൻ കാർഡിൽ അത് നാല്അംഗങ്ങൾക്കായി ചുരുക്കും. സർക്കാരിന്റെ ഏതെങ്കിലും സബ്സിഡി അവർക്ക് ലഭിക്കാനും യോഗ്യരായിരിക്കില്ല.
ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതിയുടെ അടിസ്ഥാനത്തിൽ ഒരു വർഷം കഴിയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. രണ്ടുകുട്ടികൾ നയം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. മിതമായ പലിശനിരക്കിൽ വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനോ ഉളള സോഫ്റ്റ് ലോൺ, വെളളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുളളത്.
ഒരു കുട്ടിമാത്രമുളള കുടുംബാസൂത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണ സൗകര്യം, 20 വയസ്സ് ആകുന്നത് വരെ ഒറ്റക്കുട്ടിക്ക് ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. ഐ.ഐ.എം., എ.ഐ.ഐ.എം എന്നിവിടങ്ങളിലുൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒറ്റക്കുട്ടിക്ക് പ്രവേശനത്തിന് മുൻഗണന ലഭിക്കും. ബിരുദതലം വരെ ഇവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകും, ഒറ്റപെൺകുട്ടിക്ക് ഉന്നതപഠനത്തിനുളള സ്കോളർഷിപ്പ്, സർക്കാർ ജോലികളിൽ ഒറ്റക്കുട്ടികൾക്ക് മുൻഗണന തുടങ്ങിയവും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.
രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പാലിക്കുന്ന സർക്കാർ ജീവനക്കാർക്ക് സേവനകാലയളവിൽ രണ്ട് അധിക ഇൻക്രിമെന്റ് ലഭിക്കും. ശമ്പളത്തോടെയും ആനുകൂല്യത്തോടെയുമുളള 12 മാസത്തെ പ്രസവാവധി അച്ഛൻ അല്ലെങ്കിൽ അമ്മയ്ക്ക് ലഭിക്കും. പങ്കാളിക്ക് സൗജന്യ ആരോഗ്യ പരിരക്ഷും ഇൻഷുറൻസും. എന്നാൽ ഒറ്റക്കുട്ടിയുളളവർക്ക് നാല് അധിക ഇൻക്രിമെന്റാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഒറ്റക്കുട്ടിയുളള ദമ്പതിമാർക്ക് ആൺകുട്ടിയാണെങ്കിൽ 80,000 രൂപയും പെൺകുട്ടിയാണെങ്കിൽ 1,00,000 രൂപയും ഒറ്റത്തവണ നൽകും.
നിയമം പ്രാബല്യത്തിൽ വരുന്ന സമയത്ത് രണ്ടുകുട്ടികളുളള സർക്കാർ ജീവനക്കാർ കൂടുതൽ കുട്ടികൾ ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനൽകണം. അത് ലംഘിക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, ഭാവിയിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നത് വിലക്കുകയും ചെയ്യും.
അതേ സമയം രണ്ടാം തവണ ഒന്നിൽകൂടുതൽ കുട്ടികൾ(ഇരട്ടക്കുട്ടികൾ) ജനിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കില്ല. മൂന്നാമത്തെ കുഞ്ഞിനെ ദത്തെടുക്കുന്നവർ, രണ്ടുകുട്ടികളിൽ ഒരു കുഞ്ഞ് ഭിന്നശേഷിക്കാരനാണെങ്കിൽ മൂന്ന് കുട്ടികളുളളവർ, ഒരു കുട്ടിയുടെ മരണത്തെ തുടർന്ന് മൂന്നാമത്തെ കുട്ടിയുണ്ടാകുന്നവർ എന്നിവരെയും നിയമം ലംഘിച്ചവരായി കണക്കാക്കില്ല.
Content Highlights:any person having more than two children cannot apply for a government job or contest election to any local body
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..