ശ്രീനഗർ: ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 

ജമ്മുകശ്മീരിലെ മുന്‍സിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. ഏതെങ്കിലും ഇന്ത്യന്‍ പൗരന് കേന്ദ്രഭരണ പ്രദേശത്ത് കാര്‍ഷികേതര ഭൂമി വാങ്ങാന്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അനുവാദം ലഭിക്കും. യൂണിയന്‍ ടെറിറ്ററി ഓഫ് ജമ്മു കശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കശ്മീരിൽ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ  ആവശ്യമില്ല. പക്ഷെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാന്‍ കഴിയൂ.

അങ്ങനെ ജമ്മുകശ്മീരും വിൽപനയ്ക്ക് എന്നാണ് പുതിയ ഉത്തരവിനോട് ഒമർ അബദുള്ള പ്രതികരിച്ചത്.

അതേസമയം പുതിയ നിയമം ഒരു കാരണവശാലും കാര്‍ഷിക ഭൂമിയെ ബാധിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. 

"കാര്‍ഷിക ഭൂമി കര്‍ഷകര്‍ക്കായി കരുതിവച്ചിരിക്കുകയാണെന്ന് ഞാന്‍ ശക്തമായും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയും പറയാന്‍ ആഗ്രഹിക്കുകയാണ്. പുറത്തു നിന്നുള്ള ആരും ആ ഭൂമിയിലേക്ക് വരില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇവിടെയും വ്യവസായങ്ങള്‍ വളരണം. ജമ്മു കശ്മീരും വികസിക്കണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം" , എന്നാണ് ഗവര്‍ണര്‍ ഈ തീരുമാനത്തോട് പ്രതികരിച്ചത്.

content highlights: Any Indian citizen can now buy land in Jammu and Kashmir