അനുരാഗ് താക്കൂർ | Photo: PTI
ന്യൂഡല്‍ഹി: നെഹ്രുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ പാര്‍ലമെന്റില്‍ വീണ്ടും പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍. ശനിയാഴ്ച നടന്ന നികുതിയിളവ് നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അനുരാഗ് താക്കൂര്‍ ശക്തമായ വിമര്‍ശനമുന്നയിച്ചത്.
സോണിയ ഗാന്ധി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതിനെ അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു. ഗാന്ധി കുടുംബം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ഫണ്ടുകള്‍ ദുര്‍നിവിയോഗം ചെയ്യുന്നു. മന്ത്രിമാരില്‍ നിന്നും വിവിധ കമ്പനികളില്‍ നിന്നും വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായ്ക്കില്‍ നിന്നും ചൈനീസ് കമ്പനികളില്‍ നിന്നു വരെ പണം സ്വീകരിക്കുകയും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു പണം നല്‍കുകയും ചെയ്തുവെന്ന്താക്കൂര്‍ ആരോപിച്ചു.
അതേസമയം അനുരാഗ് താക്കൂറിന്റെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അധീര്‍ ചൗധരിയും ഗൗരവ് ഗൊഗോയിയും രംഗത്തെത്തി. സഭയില്‍ ഇല്ലാത്തവരെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കരുത്. നികുതി കാര്യത്തില്‍ കോണ്‍ഗ്രസ് അഴിമതി കാണിച്ചുവെന്ന് ബിജെപി പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല, അധിര്‍ ചൗധരി പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. എന്നാല്‍ ചൈനീസ് കമ്പനി ആയ ടിക്ടോക് പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കിയ പണം മടക്കി നല്‍കിയോ എന്നായിരുന്നു ഗൗരവ് ഗൊഗോയ് ചോദിച്ചത്.
പ്രതിപക്ഷ നിരയിലെ എംപിമാര്‍ ഒന്നടങ്കം പിഎം കെയേര്‍സ് ഫണ്ടിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തു. നാഷണല്‍ റിലീഫ് ഫണ്ട് നിലനില്‍ക്കെ എന്തിനാണ് പിഎം കെയേര്‍സ് ഫണ്ട് എന്നായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യം. പൊതുജനങ്ങളില്‍ നിന്നും 21000 കോട് രൂപ സമാഹരിച്ചിട്ടും പിഎം കെയേര്‍സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തുകൊണ്ട് വ്യക്തമായ മറുപടി നല്‍കുന്നില്ല എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര ചോദിച്ചത്.
അതേസമയം പിഎം കെയേര്‍സ് ഫണ്ട് 2020 മാര്‍ച്ച് 27നാണ് രജിസ്റ്റര്‍ ചെയ്തതെന്നും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ വിശദീകരിച്ചു. ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആരേയും നിര്‍ബന്ധിച്ചിട്ടില്ലെന്നും താക്കൂര്‍ പറഞ്ഞു.
Content Highlights: Anurag Thakur Doubles Down On Attacking Gandhis In PM CARES Debate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..