മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടിലും ഓഫീസിലും നടന്ന ആദായനികുതി വകുപ്പ് റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിനാലാണ് ഇരുവരും നടപടി നേരിടേണ്ടിവന്നതെന്ന് മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന ആരോപിച്ചു.

കേന്ദ്രത്തിനെതിരെ ശബ്ദിച്ച് കര്‍ഷക പ്രക്ഷോഭത്തിനൊപ്പം നിന്നതിന്റെ വിലയാണ് ഇരുവരും നല്‍കേണ്ടി വന്നത്. ബോളിവുഡിലെ റെയ്ഡിന് പുറമേ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റ്, ദീപിക പദുകോണിനെതിരേയുള്ള കുപ്രചാരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്തെ മോശപ്പെടുത്തുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. 

തപ്‌സി പന്നുവും അനുരാഗ് കശ്യപും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞു. ഇവരൊഴികെ ബോളിവുഡില്‍ അവശേഷിക്കുന്ന മുഴുവന്‍ ഇടപാടുകളും ന്യായവും സുതാര്യവുമാണോ. അനുരാഗ് കശ്യപും തപ്‌സി പന്നുവും മാത്രമാണോ ക്രമക്കേടുകള്‍ നടത്തിയതെന്ന ചോദ്യത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിനൊപ്പം നിന്ന ചുരുക്കം ചിലരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. അതിനുള്ള വിലയാണ് ഇരുവരും നല്‍കുന്നതെന്നും ശിവസേന വ്യക്തമാക്കി.  

ഇപ്പോഴത്തെ റെയ്ഡിന് സമാനമായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജെന്‍എന്‍യു സര്‍വകലാശാല സന്ദര്‍ശിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദീപിക പദുകോണിനെതിരേ നിശബ്ദമായ അക്രമണങ്ങളും മോശം പ്രചാരണങ്ങളും ആരംഭിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രേഹ കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ അതേദിവസം തന്നെയാണ് കേന്ദ്രത്തെ വിമര്‍ശിച്ച താരങ്ങള്‍ക്കെതിരേ റെയ്ഡ് നടന്നതെന്നും ശിവസേന ചൂണ്ടിക്കാണിച്ചു.

ഇത്തരം പ്രവര്‍ത്തികളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടില്ല. പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ മോദി സര്‍ക്കാരിന് വലിയ വിമര്‍ശനമുണ്ടായി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും ശിവസേന വ്യക്തമാക്കി.

content highlights: Anurag Kashyap, Taapsee Pannu paid price of speaking against Centre: Saamana