
അനു ജോർജ്
ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ അനുജോര്‍ജ്. അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന് നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വി.ഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് കോട്ടയംകാരിയായ അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.
ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.
തന്റെ സഹപാഠിയായിരുന്ന അനുജോര്‍ജിനെ ആറന്മുള നിയുക്ത എം.എല്‍.എ. വീണാ ജോര്‍ജ് അഭിനന്ദിച്ചു. ''തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ എന്റെ സുഹൃത്തായ അനുജോര്‍ജ് ഐ.എ.എസ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി നിയമിതയായിരിക്കുന്നു. പ്രിയ അനുവിന് അഭിനന്ദനങ്ങള്‍'' - വീണാ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..