Photo - PTI
കൊല്‍ക്കത്ത: ചൈനയ്ക്കെതിരായ പ്രതിഷേധം പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനിടെ സിലിഗുരിയിലെ പ്രശസ്തമായ ഹോങ്കോങ് മാര്‍ക്കറ്റിന്റെ പേര് മാറ്റാന്‍ കടയുടമകളുടെ തീരുമാനം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായും നിര്‍ത്താനും കടയുടമകള്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഇനി പ്രാദേശിക ഉത്പന്നങ്ങള്‍ വില്‍ക്കാനാണ് തീരുമാനമെന്ന് മാര്‍ക്കറ്റ് കമ്മിറ്റി പ്രസിഡന്റ് തപന്‍ സാഹ പറഞ്ഞു. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കളും വീട്ടുപകരണങ്ങളും വരെയുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രശസ്തമായ ചന്തയാണ് സിലിഗുരിയിലെ ഹോങ്കോങ് മാര്‍ക്കറ്റ്.
കടയുടമകളുടെ യോഗം വിളിച്ചു ചേര്‍ത്തശേഷം ഹോങ്കോങ് മാര്‍ക്കറ്റിന്റെ പുതിയ പേര് നിശ്ചയിക്കുമെന്നും തപന്‍ സാഹ വ്യക്തമാക്കി. അതിനിടെ, വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ ആഹ്വാനംചെയ്തു.
കൂച്ച് ബെഹാര്‍ ജില്ലയിലും സിലിഗുരിയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിനു പേര് അണിനിരന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.
അതിനിടെ, വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് നീതി ലഭിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ അധീര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ചൈനീസ് ആര്‍മിയുടെ നിന്ദ്യമായ നടപടിയില്‍ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ക്ഷോഭിച്ചിരിക്കുകയാണ്. സൈനികരുടെ വീരമൃത്യു വെറുതെയാകില്ല. ചൈനയ്ക്ക് മനസിലാകുന്ന ഭാഷയില്‍തന്നെ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Anti-China protests: Siliguri's Hong Kong market to change name
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..