ആന്റിബോഡി മിശ്രിതം ആദ്യമായി നൽകിയ ഹരിയാണ സ്വദേശി | Photo:Twitter|Medanta
ന്യൂഡൽഹി: തിങ്കളാഴ്ച ഇന്ത്യൻ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാൻ. കാസ്ഐറിവ്ഐമാബ്, ഇംദേവ്ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക്ടെയിൽ എന്നറിയപ്പെടുന്ന ഈ മരുന്ന്.
രോഗബാധിതനായ വ്യക്തിയിൽ പ്രാരംഭഘട്ടത്തിൽ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളിൽ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോ. നരേഷ് പറഞ്ഞു.' ആന്റിബോഡി മിശ്രിതം കോവിഡിനെിരേയും രാജ്യത്ത് വ്യാപകമായ ബി.1.617 വൈറസ് വകഭേദത്തിനെതിരേയും ഫലപ്രദമാണ്. ഇത് പുതിയൊരു ആയുധമാണ്.' ഡോ. നരേഷിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
ഹരിയാണ സ്വദേശി മൊഹബത്ത് സിങ് എന്ന 84-കാരനിലാണ് ആന്റിബോഡി മിശ്രിതം ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യ നിർമിച്ച ആന്റിബോഡി മിശ്രിതമാണ് സിങ്ങിന് നൽകിയത്.
'വിവിധ രോഗങ്ങളുളള വ്യക്തിക്കാണ് കഴിഞ്ഞ ദിവസം മിശ്രിതം നൽകിയത്. ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോയി. ഞങ്ങൾ അദ്ദേഹത്തെ നിരീക്ഷിക്കുന്നത് തുടരും. കൂടുതൽ വൈറസ് സാന്നിധ്യമുളള വ്യക്തികളിലും കടുത്ത അണുബാധയുള്ളവരിലും വൈറസ് ഇരട്ടിക്കുന്നത് കുറയുന്നുണ്ട്.' - ഡോ.നരേഷ് പറഞ്ഞു.
അടുത്തിടെയാണ് ആന്റിബോഡി മിശ്രിതത്തിന്റെ ഉപയോഗത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയത്. യു.എസിലും യൂറോപ്യൻ യൂണിയനിലും മിക്ക രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിന് ആന്റിബോഡി മിശ്രിതത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
യു.എസിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗിക്ക് ആദ്യ ഏഴു ദിവസങ്ങൾക്കുളളിൽ മിശ്രിതം നൽകുകയാണെങ്കിൽ 70-80 ശതമാനം പേർക്കും ആശുപത്രിവാസം ആവശ്യമായി വരുന്നില്ലെന്നും ഡോ. നരേഷ് കൂട്ടിച്ചേർത്തു.
റോച്ചെ ഇന്ത്യ, സിപ്ല എന്നീ മരുന്നുകമ്പനികളാണ് ആന്റിബോഡി മിശ്രിതം ഇന്ത്യയിൽ എത്തിയതായി പ്രഖ്യാപിച്ചത്. റോച്ചെയായിരിക്കും മിശ്രിതം നിർമിക്കുന്നത്. സിപ്ല വിതരണം നടത്തും.
ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസിന് 59,750 രൂപയാണ് ഇന്ത്യയിലെ വില. രണ്ടുഡോസ് അടങ്ങുന്ന ഒരുപാക്കിന് എല്ലാ ടാക്സും ഉൾപ്പടെ 1,19,500 രൂപയാണ് എംആർപി വരുന്നത്. ഒരു പാക്കറ്റ് രണ്ടുരോഗികൾക്ക് ഉപയോഗിക്കാം. മിശ്രിതം മുൻനിര ആശുപത്രികളിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലും ലഭ്യമായിരിക്കും. കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഈ ആന്റിബോഡി മിശ്രിതമാണ് നല്‍കിയത്.
ഗുരുതരാവസ്ഥയില്ലാത്ത രോഗികളുടെയും പന്ത്രണ്ടു വയസ്സു മുതലുളള കുട്ടികളുടെയും ചികിത്സയ്ക്കായി മിശ്രിതം ഉപയോഗിക്കാമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
Content Highlights:Antibody cocktail is working against covid 19,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..