ഹൈദരാബാദ്: കോവാക്‌സിന്‍ എടുക്കുന്നവരില്‍ ആന്റീബോഡികള്‍ ആറ് മുതല്‍ 12 മാസം വരെ നിലനില്‍ക്കുമെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്ക്. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്ക് പുറത്തുവിട്ട ഗവേഷണ രേഖകളിലാണ് ആന്റീബോഡികള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

വാക്‌സിന്‍ എടുക്കുന്നതുമൂലം ഏതെങ്കിലും തരത്തിലുളള പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വാക്‌സിന്‍ പരീക്ഷണത്തിനിടെ പ്രതികൂല സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. നവംബര്‍ മധ്യത്തില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയിരുന്നു. 26,000 വോളന്റിയര്‍മാരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

അമേരിക്കന്‍ വിപണിയിലേക്കായി ഭാരത് ബയോടെക്കും യു.എസ് കമ്പനിയായ ഒക്യുജെന്നും സംയുക്തമായി കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് കമ്പനികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ പ്രമുഖ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഓക്യുജെന്‍ ഭാരത് ബയോടെക്കുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു.

 

Content Highlights: Antibodies generated by Covaxin may persists for 6-12 months - Bharat Biotech