ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ ആന്റി റോമിയോ സ്‌ക്വാഡിനെ പിന്തുണച്ച് ബി ജെ പി എം പി മനോജ് തിവാരി. ആന്റി റോമിയോ സ്‌ക്വാഡുകള്‍ വളരെ നല്ലതാണെന്നും അവ ഡല്‍ഹിയിലും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തി കുറച്ചുനാളുകള്‍ക്കുള്ളില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപവത്കരിച്ചത്. 

എന്നാല്‍ സ്‌ക്വാഡ് അംഗങ്ങള്‍ കമിതാക്കളെയും ഒരുമിച്ച് കാണപ്പെട്ട ആണ്‍-പെണ്‍സുഹൃത്തുക്കളെയും മറ്റും ക്രൂരമായി അപഹസിക്കാനും തല പാതി മുണ്ഡനം ചെയ്യിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളിലേക്കും കടന്നു. 

ആന്റി റോമിയോ സ്‌ക്വാഡുകളെ കുറിച്ച് പരാതി ഉയര്‍ന്നതോടെ ഇവയെ സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളുടെ നിരക്ക് വര്‍ധിച്ചതോടെ ആന്റി റോമിയോ സ്‌ക്വാഡ് പുനരുജ്ജീവിപ്പിക്കാന്‍ യോഗി വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മനോജ് തിവാരിയുടെ അഭിപ്രായപ്രകടനം

ആന്റി റോമിയോ സ്‌ക്വാഡ് വളരെ നല്ലതാണ്. അതിനാലാണ് ഉത്തര്‍പ്രദേശില്‍ അവ വീണ്ടും ആരംഭിക്കുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്. എന്റെ അഭിപ്രായത്തില്‍ ആന്റി റോമിയോ സ്‌ക്വാഡ് ഡല്‍ഹിയിലും നടപ്പാക്കണം- മനോജ് തിവാരി പറഞ്ഞു.

content highlights: anti romeo squad should start in delhi also says bjp mp manoj tiwari