
പ്രതിരോധമന്ത്രി രാജ്നാഥ് സിംങ് | photo: ani
ന്യൂഡല്‍ഹി: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ വിവിധ ദേശവിരുദ്ധ ശക്തികള്‍ രാജ്യത്ത് അനിശ്ചിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ മണ്ണില്‍ കലാപം ഉണ്ടാക്കാന്‍ പാകിസ്താന്റെ ഭാഗത്തുനിന്നും നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രാജ്നാഥ് സിങ് വാർത്താ ഏജന്‍സിയോട് പറഞ്ഞു.
''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിര്‍ത്തിയിലും അതിര്ത്തിയിലൂടേയും ഇന്ത്യയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള വിവിധ ശ്രമങ്ങള്‍ പാകിസ്താന്റെ മണ്ണില്‍ നിന്നും ഉണ്ടായി'', രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതോടെ വിഘടനവാദികള്‍ക്കുള്ള അനുകൂല സാഹചര്യം ഇല്ലാതായി. ഇത് ജമ്മുകശ്മീരില്‍ ഭീകരവാദം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ച ശേഷം പാകിസ്താന്റെ ഭാഗത്തുനിന്നും വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ലഡാക്കിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഗാല്‍വന്‍ ഏറ്റുമുട്ടലിനെ കുറിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികരുടെ ധീരത പകരംവെക്കാനില്ലാത്തതാണെന്നും വരുംതലമുറയും ഈ സൈനികരെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
content highlights: anti India forces tried to create turmoil in India says defense minister rajnath singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..