മൗ (ഉത്തര്‍പ്രദേശ്): പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൗവില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ 15 വാഹനങ്ങള്‍ക്ക് തീവച്ചതായി ദൃക്‌സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു.

പോലീസ് വാഹനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് പ്രതിഷേധക്കാര്‍ തീവച്ചത്. പോലീസിനുനേരെ കല്ലേറുമുണ്ടായി. മൗവിലെ ദക്ഷിണ്‍ടോല പ്രദേശത്താണ് അക്രമ സംഭവങ്ങളുണ്ടായത്. മിര്‍സ ഹാദുപുര പോലീസ് സ്റ്റേഷന്‍ ഭാഗികമായി അഗ്നിക്കിരയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പോലീസ് തീ കെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജില്ലയില്‍ നേരത്തെതന്നെ 144 പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്.

15 വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ മോട്ടോര്‍ സൈക്കിളുകള്‍ അടക്കം ഏതാനും വാഹനങ്ങള്‍ മാത്രമാണ് കത്തിനശിച്ചതെന്ന് പോലീസ് അവകാശപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിട്ടുവെന്നും കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഐ.ജി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. അതിനിടെ മൗവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ ഡിജിപി ഒ.പി സൈനി നിഷേധിച്ചു. 144 മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും പറഞ്ഞു.

Content Highlights: Anti-CAA protest: Police fire in air, 15 vehicles torched by protesters in UP's Mau