എയർ ഇന്ത്യ | ഫോട്ടോ: PTI
ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപന് സഹയാത്രികയുടെ മേലേക്ക് മൂത്രമൊഴിച്ചതിന് പിന്നാലെ പാരീസ്-ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം നടന്നതായി റിപ്പോര്‍ട്ട്. പാരീസ്- ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിയുടെ പുതപ്പിലാണ് ഇത്തവണ മദ്യപന് മൂത്രമൊഴിച്ചത്. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്കിയതിനാല് നടപടിയൊന്നും ഉണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ ആറിന് രാവിലെ 9.40ന് പാരീസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്. പൈലറ്റടക്കം ഈ വിമാനത്തില്‍ 143 ആളുകളായിരുന്നു ഉണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സംഭവം പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്ട്രോളില് അറിയിച്ചിരുന്നു.
'രാവിലെ 9.40നാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഒരു പുരുഷ യാത്രികന് കാബിന് ക്രൂവിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിക്കുകയും പിന്നീട് ഒരു വനിതാ യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിക്കുകയും ചെയ്തതായി വിമാനത്താവള സെക്യൂരിറ്റിക്ക് വിവരം ലഭിച്ചു', വിമാനത്താവള അധികൃതര്‍ പിടിഐയോട് പറഞ്ഞു.
വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സിആര്‍പിഎഫ് മദ്യപിച്ച് അതിക്രമം കാണിച്ച യാത്രക്കാരനെ പിടികൂടി. എന്നാല്‍ ഈ യാത്രികനും യാത്രക്കാരിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരനില്‍ നിന്ന് രേഖമൂലം മാപ്പ് എഴുതി വാങ്ങിയതായും അധികൃതർ വ്യക്തമാക്കി.
യാത്രക്കാരി ആദ്യം രേഖാമൂലം പരാതി നല്‍കിയെങ്കിലും പിന്നീട് കേസെടുക്കുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു. ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി വഴി യാത്രക്കാരനെ പോകാന്‍ അനുവദിച്ചു.
അതേസമയം, നവംബര്‍ 26-ന് നടന്ന ആദ്യ സംഭവത്തില്‍ യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ മദ്യപിച്ച് മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തേക്ക് എയര്‍ഇന്ത്യ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിസിഐ എയര്‍ഇന്ത്യക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Content Highlights: Drunk man on Paris-Delhi Air India flight urinated on woman's blanket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..