അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ലെനിന്‍ പ്രതിമ തകര്‍ത്തു. ഇടതുപക്ഷത്തില്‍ നിന്ന് ബിജെപി അധികാരം പിടിച്ചെടുത്തതിന് ശേഷം രണ്ടു ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.  തിങ്കളാഴ്ച  ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചു വര്‍ഷം മുമ്പ് സ്ഥാപിച്ച ലെനിന്റെ പ്രതിമ തകര്‍ത്തിരുന്നു. 

സബ്‌റൂം മോട്ടോര്‍ സ്റ്റാന്‍ഡിലുള്ള ലെനിന്റെ പ്രതിമയാണ് ഇന്ന് തകര്‍ത്തത്. പ്രതിമ തകര്‍ക്കല്‍ സംഭവം വര്‍ഗ്ഗീയ ലഹളയല്ലെന്നും നശീകരണ പ്രവര്‍ത്തനമാണെന്നും ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി പറഞ്ഞു. സംഭവം ജില്ലാ ഭരണകൂടം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. ഇരു പാര്‍ട്ടികളിലെ നേതാക്കളും സംഭവത്തില്‍ വാക് പോര് നടത്തിയിരുന്നു. കമ്മ്യൂണിസത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമാണ് പ്രതിമ തകര്‍ക്കലെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.