ഗാന്ധിധാം: സാമൂഹിക മാധ്യമങ്ങളിലൂടെ സൈനികരുടെ പ്രശ്‌നങ്ങള്‍ പുറത്തുവരുന്നതിനിടെ സൈനികര്‍ക്കുള്ള മദ്യം മറിച്ചു വില്‍ക്കുന്നുവെന്ന ആരോപണവുമായി ബി.എസ്.എഫ് ജവാന്‍ ഫെയ്‌സ്ബുക്കില്‍.

രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ നവരതന്‍ ചൗധരി എന്ന ജവാനാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ ഗാന്ധിധാമില്‍ 150 ബറ്റാലിയനില്‍ ക്ലാര്‍ക്കാണ് ചൗധരി. 

കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ജവാന്‍മാര്‍ക്ക് അനുവദിച്ച മദ്യത്തില്‍ പോലും അഴിമതി നടക്കുന്നതായി ജവാന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. മദ്യം ബി.എസ്.എഫിന് പുറത്തുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നതിന്റെ മറ്റൊരു വീഡിയോയും ജവാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 26നാണ് ചൗധരി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയതത്.

ഭരണഘടന എല്ലാവര്‍ക്കും ഒരേ അവകാശങ്ങള്‍ നല്‍കുന്നു. പക്ഷെ ഞങ്ങള്‍ നല്ല ഭക്ഷണം ചോദിച്ചാല്‍ പോലും അത് വലിയ കുറ്റമാകുന്നു. എന്തെങ്കിലും പരാതി നല്‍കിയാല്‍ പരാതിക്കാരന്‍ വലിയ കുറ്റം ചെയ്തതു പോലെയാണ് മേലധികാരികള്‍ പെരുമാറുന്നത്. എല്ലാ മേഖലയിലും അഴിമതി നടക്കുന്നുണ്ടെന്ന് നമുക്കറിയാം എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ജവാന്‍ പറയുന്നു.

തെറ്റായ കാര്യങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനെല്ലാം തനിക്ക് കിട്ടിയത് പലതരം ശിക്ഷകളാണ്. മദ്യം മറിച്ചു വില്‍ക്കുന്നതിനെതിരെ നാലു മാസം മുമ്പു തന്നെ പരാതി നല്‍കിയിരുന്നു യാതൊരു നടപടിയും ഉണ്ടായില്ല. 

ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് നല്‍കുന്നതെന്നാരോപിച്ച് തേജ് ബെഹദൂര്‍ എന്ന ബി.എസ്.എഫ് ജവാന്റെ ഫേസ്ബുക്ക് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടിരുന്നു. ബെഹദൂറിന്റെ പോസ്റ്റിനു പിന്നാലെ  ഫേസ്ബുക്കില്‍ ഇത്തരം ആരോപണങ്ങളുമായി നിരവധി സൈനികര്‍ രംഗത്തെത്തി.