ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നടക്കം 400 കോടി വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ ഒരു കമ്പനി ഉടമകൂടി രാജ്യം വിട്ടു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമകളാണ് രാജ്യം വിട്ടത്. 2016 മുതല്‍ ഇവരെ കാണാതായിട്ടുണ്ട്. 2016-ല്‍ കമ്പനിയെ നിഷ്‌ക്രിയ ആസ്തിയായി തരംതിരിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം ഫെബ്രുവരി 25-നാണ് എസ്ബിഐ പരാതിപ്പെട്ടത്. ഇതനുസരിച്ച് സിബിഐ ഏപ്രില്‍ 28ന് കേസ് ഫയല്‍ ചെയ്തു. 

രാംദേവ് ഇന്റര്‍നാഷണല്‍ 414 കോടിയാണ് മൊത്തം വായ്പയെടുത്ത്. എസ്ബിഐയില്‍ നിന്ന് 173.11 കോടി, കനറാ ബാങ്കില്‍ നിന്ന് 76.09 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി, കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 36.91കോടി, ഐഡിബിഐ ബാങ്കില്‍ നിന്ന് 12.27 കോടി എന്നിങ്ങനെയാണ് വായ്പ എടുത്തിട്ടുള്ളത്. 

എസ്ബിഐയുടെ പരാതിയെ തുടര്‍ന്ന് കമ്പനി ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത, അജ്ഞാതരായ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. വിശ്വാസ വഞ്ചന, കള്ളയൊപ്പിടല്‍, അഴിമതി തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഇവരുടെ പേരില്‍ ചുമത്തി.

ലിക്വഡിറ്റി പ്രശ്‌നങ്ങള്‍ കാരണം ഈ കമ്പനിയുടെ അക്കൗണ്ട് 27-01-2016-ന് നിഷ്‌ക്രിയ ആസ്തിയായി മാറി. 173.11 കോടി രൂപ കുടിശ്ശികയുണ്ടെന്നും എസ്ബിഐ പരാതിയില്‍ പറയുന്നു. വ്യാജ അക്കൗണ്ടുകള്‍വഴി കൃത്രിമ ബാലന്‍സ് ഷീറ്റുണ്ടാക്കി. ബാങ്ക് ഫണ്ടുകളുടെ ചെലവില്‍ പ്ലാന്റും മറ്റു യന്ത്രസാമഗ്രികളും നിയവിരുദ്ധമായി നീക്കം ചെയ്തു. തുടങ്ങിയ കാര്യങ്ങള്‍ 2016-ല്‍ ബാങ്ക് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയതായി പരാതിയില്‍ പറയുന്നു. 

2016-ല്‍ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി തരംതിരിച്ച ശേഷം ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ എസ്ബിഐ കമ്പനിയുടെ സ്വത്തുക്കളുടെ സംയുക്ത പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കമ്പനി ഡയറക്ടര്‍മാരെ കണ്ടെത്താനായില്ലെന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ കടംവാങ്ങിയ ആളുകള്‍ രാജ്യംവിട്ടതായും കണ്ടെത്തിയെന്ന് എസ്ബിഐ പറയുന്നു.

Content Highlights:Another Bank Defaulter Flees Country, SBI Complains To CBI After 4 Years