ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് ബിനിനസ് ആവശ്യത്തിന് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് പിടിച്ചെടുത്തത് അനൂപ് മുഹമ്മദിന് ബിനീഷുമായുള്ള ബന്ധത്തിന് തെളിവെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അനൂപ് ബെംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ് ഡെബിറ്റ് കാര്‍ഡ്. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ട്. കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നിന്ന് ശേഖരിക്കാനുണ്ട്. അനൂപിന്റെ പേരില്‍ വന്ന പണം ബിനീഷിന്റെ ബിനാമികളുടേതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

ബിനീഷിന്റെ വീട്ടില്‍ നിന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഡിവൈസുകളില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച നിലയിലാണെന്നും ഇത് വീണ്ടെടുക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികള്‍ പ്രവര്‍ത്തിച്ചത് വ്യാജ വിലാസത്തിലാണ്. ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിനീഷിന്റെ നിര്‍ദേശം അനുസരിച്ചാണ് ലഹരി വ്യാപാരം നടത്തിയതെന്ന് അനൂപ് സമ്മതിച്ചെന്നും ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇ.ഡിയുടെ ആവശ്യപ്രകാരം ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി ശനിയാഴ്ച നാല് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

content highlights: bengaluru drug case, bineesh kodiyeri, anoop muhammed