വാരാണസി: ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാര്‍ക്കു വേണ്ടി വാരാണസി റെയില്‍വേ സ്‌റ്റേഷനില്‍ ഇനി ദക്ഷിണേന്ത്യന്‍ ഭാഷകളിലും ട്രെയിന്‍ വിവരങ്ങളെപ്പറ്റിയുള്ള അറിയിപ്പുകളുണ്ടാകും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലാണ് അറിയിപ്പ് നല്‍കുക. 

വിശുദ്ധ നഗരമായി ഹിന്ദുക്കള്‍ കരുതുന്ന വാരാണസിയില്‍ ഉത്തരേന്ത്യയ്ക്ക് പുറമെ ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ എത്തുന്നത് പരിഗണിച്ചാണ് റെയില്‍വേ സ്റ്റേഷനില്‍ ഹിന്ദി ഇതര ഭാഷകളില്‍ അറിയിപ്പ് നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചത്.

ദക്ഷിണേന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് വാരാണസിയില്‍ എത്തുന്നത്. ഇവരില്‍ വലിയൊരുവിഭാഗത്തിനും ഹിന്ദി മനസിലാക്കാന്‍ സാധിക്കാറില്ല. അതിനാല്‍ അറിയിപ്പുകള്‍ വ്യക്തമായി മനസിലാക്കുന്നതിനാണ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും അറിയിപ്പുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു. 

ട്രെയിന്‍ സമയം സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കുമ്പോള്‍ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നതും പലര്‍ക്കും ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിക്കാതെ പോകുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. നവംബര്‍ മാസം അവസാനം തന്നെ തീരുമാനം നടപ്പിലാകും. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഒഡിയ, മറാത്തി ഭഷകളിലും അറിയിപ്പ് നല്‍കുന്ന രീതിയും പിന്നീട് നടപ്പിലാകും.

Content Highlights: Varanasi will soon hear announcements in Tamil, Telegu, Malyalam and Kannada languages