ആനി രാജ| Image: Mathrubhumi news screen grab
ന്യൂഡല്‍ഹി: എം.എം. മണി തനിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തോടു പ്രതികരിച്ച് സി.പി.ഐ. നേതാവ് ആനി രാജ. മണി പറഞ്ഞ രീതിയില്‍ മറുപടി പറയാന്‍ തനിക്കാകില്ലെന്ന് അവര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവരും പ്രസ്ഥാനവുമാണ് അത് ശ്രദ്ധിക്കേണ്ടത്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ലെന്നും ഇടതുപക്ഷ-സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആ രീതിയില്‍ മറുപടി പറയാന്‍ താന്‍ എന്തായാലും തയ്യാറല്ലെന്ന് ആനി രാജ പറഞ്ഞു. 'എട്ടാമത്തെ വയസ്സു മുതല്‍ കേരളത്തില്‍, ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിച്ച് ഡല്‍ഹിയിലേക്ക് എത്തിയതാണ്. അത്തരത്തില്‍ എത്തിയ ആളെന്ന നിലയില്‍ ആ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുന്നതാണ്. അതുകൊണ്ടാണ് അത്തരത്തില്‍ ചില പ്രസ്താവനകള്‍ വന്നപ്പോള്‍ പ്രതികരിച്ചത്. ഇടതുപക്ഷ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അതിനെയും അതിജീവിക്കും. അതിനെയും സധൈര്യം നേരിട്ടുകൊണ്ട് മുന്നോട്ടു പോകും. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പോലീസിന് ഡല്‍ഹിയില്‍ ഭയപ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ല. അതിന് അപ്പുറത്തേക്ക് വേറാരും എന്നെ ഭയപ്പെടുത്താനില്ല', ആനി രാജ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി തന്നെ ഏല്‍പിച്ച ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ആനി രാജ വ്യക്തമാക്കി. ഇതൊന്നും തന്നെ സംബന്ധിച്ച് വലിയ വിഷയമല്ല. പക്ഷേ, മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരുപക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാകും. ന്യായീകരണം എന്തു തന്നെ ആണെങ്കിലും അത് ശരിയായ ഒന്നല്ലെന്നും ആനി രാജ പറഞ്ഞു.
'അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍' എന്നായിരുന്നു ആനിയ്‌ക്കെതിരായ എം.എം. മണിയുടെ പരാമര്‍ശം. കെ.കെ. രമയ്ക്കെതിരേ മണി നടത്തിയ വിധവാ പരാമര്‍ശത്തില്‍ ആനി രാജ ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം.എം. മണി.
Content Highlights: annie raja responds to mm mani controversial remark
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..